ഗൃഹനാഥനെ കൊന്നു കുഴിച്ചുമൂടിയ സംഭവം; അസ്ഥിക്കഷണങ്ങള്‍ ലഭിച്ചു; കൊലപ്പെടു ത്തിയത് കഴുത്തില്‍ കയര്‍ കുരുക്കി; മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയില്ലെങ്കിലും കൊലപാതകകുറ്റം നിലനില്‍ക്കുമെന്നു എസ്പി

tahalayolaparambu-kola-pratതലയോലപ്പറമ്പ്: എട്ടു വര്‍ഷം മുമ്പ് കൊന്നു കുഴിച്ചു മൂടിയ കാലായില്‍ മാത്യുവിന്റേതെന്ന് കരുതുന്ന അസ്ഥിക്കഷണങ്ങള്‍ ലഭിച്ചു. ഇന്നുച്ചയോടെ ഇപ്പോള്‍ തെരച്ചില്‍ നടക്കുന്ന കെട്ടിടത്തിന്റെ സമീപത്തു നിന്നാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്. ഇത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് പരിശോധിച്ച ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തറ പൊളിച്ച് പരിശോധന നടത്തുന്ന കെട്ടിടത്തില്‍ നിന്ന് പതിനഞ്ചു മീറ്റര്‍ അകലെ പുരടിയത്തില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് അസ്ഥിക്കഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.

ഇപ്പോഴത്തെ ബഹുനില കെട്ടിടം നിര്‍മിക്കുന്നതിനു മുമ്പ് ചെറിയ കടയുണ്ടായിരുന്നപ്പോഴാണ് മൃതദേഹം മറവു ചെയ്തതെന്നാണ് കൊല നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതി അനീഷിന്റെ മൊഴി. ഇതുവച്ചു നോക്കുമ്പോള്‍ കൊല്ലപ്പെട്ട മാത്യുവിന്റേതാകാം അസ്ഥിക്കഷണങ്ങളെന്നു കരുതുന്നതായി പോലീസ് പറയുന്നു. പ്രതിയായ അനീഷിന്റെ പിതാവ് വാസു കഴിഞ്ഞ ദിവസം മാത്യുവിന്റെ മകള്‍ നൈസിയെ ഫോണില്‍ വിളിച്ചാണ് ഇങ്ങനെയൊരു കൊലപാതകം നടന്നതായി അറിയിച്ചത്. പ്രതിയുടെ പിതാവ് വാസുവിനു ലഭിച്ച ഒരു കത്താണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. കള്ളനോട്ട് കേസില്‍ ജയിലിലായിരുന്ന അനീഷിന്റെ കൂട്ടുകാരന്‍ അനീഷിന്റെ പേരില്‍ വീട്ടിലേക്കയച്ച കത്താണ് വാസുവിന് ലഭിച്ചത്.

കാണാതായ ദിവസം രാത്രി 10 വരെ മാത്യു അനീഷിനൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. ശേഷം ആശുപത്രി ക്കവലയ്ക്കു സമീപം അനീഷിന്റെ പ്രിന്റിംഗ് സ്ഥാപനത്തില്‍ എത്തുകയും അവിടെ വച്ച് മാത്യുവിനെ കൊലപ്പെടുത്തുകയും ചെയ്തതായാണ് അനീഷ് പോലീസിനു നല്‍കിയിരിക്കുന്ന കുറ്റസമ്മത മൊഴി. തുടര്‍ന്നു കടയുടെ പിന്നില്‍ കുഴിച്ചിട്ടതായും പ്രതി കുറ്റസമ്മതം നടത്തി. സാഹചര്യതെളിവുകള്‍ ഒത്തുവന്നതിനെത്തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലം പരിശോധിക്കുവാന്‍ പോലീസ് തീരുമാനിച്ചു. എട്ട് വര്‍ഷം മുമ്പ് ഇവിടെ റോഡിനോട് ചേര്‍ന്ന് ഒറ്റനില കടകളാണ്  ഉണ്ടായിരുന്നത്. പിന്നീട് സ്ഥലം നിരപ്പാക്കി ഇവിടെ മൂന്നു നില കെട്ടിടം പണിതു.

ഇതിനാല്‍  മൃതദേഹം കുഴിച്ചിട്ടെന്ന് പറഞ്ഞ സ്ഥലം കൃത്യമായി കണെ്ടത്തുക ബുദ്ധിമുട്ടായി. കെട്ടിടം പണിത എന്‍ജിനിയറെയും ഉടമയെയും മറ്റും വരുത്തി ഏകദേശ രൂപരേഖ തയാറാക്കി. ആര്‍ഡിഒയുടെ അനുമതിയോടെ കെട്ടിടത്തിന്റെ ഉള്‍വശം കുഴിക്കുവാന്‍ തീരുമാനിച്ചു. കെട്ടിടത്തില്‍ ഇപ്പോള്‍ കര്‍ട്ടന്‍ സാധനങ്ങളുടെ വിപണനമാണ് നടക്കുന്നത്. ഉടമയെ വരുത്തി സാധനങ്ങള്‍ ചൊവ്വാഴ്ച രാത്രി തന്നെ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി. ഇന്നലെ രാവിലെ 8.30നു ജാക്ഹാമര്‍ കൊണ്ടുവന്ന് കെട്ടിടത്തിന്റെ തറ പൊട്ടിച്ചു. പിന്നീട് 40 അടിയോളം വിസ്തീര്‍ണമുള്ള ഹാള്‍ ആറ് അടിയോളം താഴ്ചയില്‍ കുഴിച്ചു. പലിശയ്ക്കു പണം നല്കിയിരുന്ന മാത്യുവിനു വേണ്ടി പണപ്പിരിവു നടത്താന്‍ പോയിരുന്നത് അനീഷായിരുന്നു.

ഇതിനെല്ലാം പുറമെ മാത്യുവും അനീഷും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. അനീഷ് സ്വന്തം വീടിന്റെ ആധാരം പണയപ്പെടുത്തി മാത്യുവിന്റെ കൈയില്‍നിന്നു പലിശയ്ക്കു പണം വാങ്ങിയിരുന്നു. പണം തന്നില്ലെങ്കില്‍ വീട്ടിലുള്ളവരെ ഇറക്കിവിട്ടു വീടും സ്ഥലവും എഴുതിയെടുക്കുമെന്നു മാത്യു അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് കരുതുന്നു. കോട്ടയം ജില്ലാ പോലീസ് ചീഫ് ഇന്‍ ചാര്‍ജ് കെ.ജി. സൈമണ്‍, വൈക്കം സിഐ വി.എസ്. നവാസ്, തലയോലപ്പറമ്പ് എസ്‌ഐ എ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

കൊലപ്പെടുത്തിയത് കഴുത്തില്‍ കയര്‍ കുരുക്കിയെന്ന് എസ്പി

കോട്ടയം: തലയോലപ്പറമ്പില്‍ കാലായില്‍ മാത്യുവിനെ കൊലപ്പെടുത്തിയത് കഴുത്തില്‍ കയര്‍ കുരുക്കിയെന്ന് കോട്ടയം എസ്പി കെ.ജി. സൈമണ്‍. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുടെ പങ്ക് തള്ളിക്കളയാനാകില്ല. പ്രതി അനീഷും കൊല്ലപ്പെട്ട മാത്യുവും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന്റെ പിതാവ് വാസു വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണ്.
വാസുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പല തവണ അനീഷിനെയും വാസുവിനെയും അനീഷിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും അവരുടെ തീരുമാനപ്രകാരമാണ് മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്നു പറയപ്പെടുന്ന കെട്ടിടത്തിന്റെ തറപൊളിച്ച് മൃതദേഹാവശിഷ്്ടങ്ങള്‍ കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിടം പുതുക്കി പണിതപ്പോള്‍ ഇവിടെ നിന്നും മണ്ണു നീക്കം ചെയ്തിരുന്നു. നീക്കം ചെയ്ത മണ്ണില്‍ മൃതദേഹത്തിന്റെ അവശിഷ്്ടങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കും. നിലവിലുള്ള സാഹചര്യത്തില്‍ എത്രദിവസം പരിശോധന നീളുമെന്നു പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹാവശിഷ്്ടങ്ങള്‍ കിട്ടിയില്ലെങ്കിലും കൊലപാതകകുറ്റം നിലനില്‍ക്കുമെന്നും എസ്പി പറഞ്ഞു.

Related posts