ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ ഇപ്പോള്‍ ഡ്രോണുകള്‍ വഴിയും ഭക്ഷണം ഉപഭോക്താവിന് എത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കൊണ്ടു പോകുന്ന ഡ്രോണിനെ കാക്ക ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഓസ്ട്രേലിയയിലെ കാന്‍ബെറയിലാണ് രസകരമായ സംഭവം നടന്നത്. കാക്ക ഡ്രോണിനെ ആക്രമിയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഭക്ഷണവുമായി പറന്ന ഡ്രോണിനെ കാക്ക ആക്രമിക്കുകയായിരുന്നു.
ബെന്‍ റോബര്‍ട്ട്സ് എന്ന ഉപഭോക്താവാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം എത്താനായി കാത്തിരിയ്ക്കുമ്പോഴാണ് ബെന്‍ ഡ്രോണിനെ കാക്ക ആക്രമിയ്ക്കുന്നത് കണ്ടത്.
ഇതോടെ ബെന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കൊക്ക് കൊണ്ട് കൊത്തി ആക്രമിച്ച ശേഷം ഡ്രോണിന്റെ പിന് ഭാഗത്ത് കാക്ക തൂങ്ങിക്കിടക്കുന്നതും വീഡിയോയില്‍ കാണാം.
കാക്ക ആക്രമിച്ചതോടെ വളരെ പണിപ്പെട്ടാണ് ഡ്രോണ്‍ പറക്കുന്നത്. വളരെ ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഉപഭോക്താവിന് ഭക്ഷണ പാക്കേജ് അവസാനം ഡ്രോണ്‍ എത്തിയ്ക്കുക തന്നെ ചെയ്തു.
” കാക്കകളുടെ കാഴ്ചപ്പാടില്‍, അവര്‍ വളരെ ബുദ്ധിമാന്മാരായ പക്ഷികളാണ്, ഒരു ഡ്രോണ്‍ അവര്‍ക്ക് എങ്ങനെയായിരിക്കും കാണപ്പെടുന്നത്. ഞങ്ങളുടെ വീടിന്റെ മുന്‍വശത്ത് ഒരു പറക്കുംതളിക ഇറങ്ങുന്നത് പോലെയായിരിക്കുമത്” – ബെന്‍ റോബര്‍ട്ട് ഡെയ്ലി മെയിലിനോട് പറഞ്ഞു.