രാജ്യത്തെ ഏറ്റവും ലാഭമുള്ള റീട്ടെയില്‍ സ്ഥാപനം, ആര്‍മി കാന്റീന്‍, പിന്നിലാക്കിയത് ബഹുരാഷ്ട്ര കമ്പനികളെ, കൂടുതല്‍ വില്‍ക്കുന്നത് മദ്യവും

csdറിലയന്‍സ്, ഫ്യൂച്ചര്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ചില്ലറവില്പന ശാലകളുടെ ലാഭക്കണക്ക് നോക്കിയാല്‍ ഏറ്റവു മുമ്പിലുള്ളത് കാന്റീന്‍ സ്റ്റോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (സിഎസ്ഡി). ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംരംഭമല്ലെങ്കിലും 2014-15 ധനകാര്യവര്‍ഷം സിഎസ്ഡി നേടയത് 236 കോടി രൂപയുടെ അറ്റാദായം. വിവരാവകാശപ്രകാരമുള്ള അന്വേഷണത്തില്‍നിന്നാണ് പുതിയ വിവരം. ഡി മാര്‍ട്ട് 211 കോടി, ഫ്യൂച്ചര്‍ റീട്ടെയില്‍ 153 കോടി, റിലയന്‍സ് റീട്ടെയില്‍ 159 കോടി എന്നിങ്ങനെ ലാഭം നേടിയപ്പോഴാണ് സിഎസ്ഡിയുടെ മുന്നേറ്റം.

13,709 കോടി രൂപയാണ് സിഎസ്ഡിയുടെ മൊത്തവരുമാനം. 1.2 കോടി ഉപഭോക്താക്കള്‍ക്കായി അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് സിഎസ്ഡി ലഭ്യമാക്കുന്നത്. ആര്‍മി/നേവി/വ്യോമയാന ഉദ്യോഗസ്ഥര്‍, വിമുക്ത ഭടന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരാണ് സിഎസ്ഡിയുടെ ഉപഭോക്താക്കള്‍. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ 1948ല്‍ സ്ഥാപിതമായ സിഎസ്ഡിക്ക് 3,901 കാന്റീനുകളും 34 സംഭരണശാലകളുമുണ്ട്. പ്രാദേശിക വിതരണകേന്ദ്രങ്ങള്‍ക്ക് നല്കുന്നതിലും താഴ്ന്ന വിലയ്ക്കാണ് കമ്പനികള്‍ സിഎസ്ഡിക്ക് ഉത്പന്നങ്ങള്‍ നല്കുന്നത്. മാത്രമല്ല, സര്‍ക്കാരില്‍നിന്ന് നികുതിയിളവുമുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ആനുകൂല്യവും ലഭിക്കുന്നു.

ഒരു ശതമാനം മാര്‍ജിനിലാണ് സിഎസ്ഡി പ്രവര്‍ത്തിക്കുന്നത്. ലോകത്തെമ്പാടുമുള്ള ചില്ലറവില്പനശാലകളില്‍ ഇത്തരത്തിലൊരു മാര്‍ജിന്‍ കാണാന്‍ കഴിയില്ല. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെയും യുണൈറ്റഡ് സ്പിരിറ്റിന്റെയും പ്രധാന ഉപഭോക്താക്കളാണ് സിഎസ്ഡി. സിഎസ്ഡി വഴി വില്‍ക്കുന്നവയില്‍ 26 ശതമാനം മദ്യവും 23 ശതമാനം സൗന്ദര്യവര്‍ധക വസ്തുക്കളുമാണ്. വാഹനം, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ 20 ശതമാനവും വരും. രാജ്യത്തെ ഏറ്റവും വലിയ ചില്ലറവ്യാപാര സ്ഥാപനം എന്നതിനാല്‍ വിവിധ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനായി സിഎസ്ഡിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Related posts