റോഡ് ഉപരോധിക്കലും വാഹനങ്ങള്‍ തടയലും! ഒറ്റപ്പെട്ട ആക്രമണങ്ങളുമായി ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; വീഡിയോ

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടന്നു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടിരിക്കുകയാണ്. പോലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമേ സര്‍വീസ് നടത്തൂ എന്നാണ് അധികൃതരുടെ നിലപാട്. പാലക്കാട്ടും ഇടുക്കിയിലെ തൊടുപുഴയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

ആലപ്പുഴയില്‍ ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ കൊച്ചിയില്‍ സ്ഥിതി വ്യത്യസ്തമാണ്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും വ്യാപകമായി നിരത്തിലിറങ്ങിയതോടെ കൊച്ചിയിലെ ഹര്‍ത്താല്‍ ഭാഗീകമാണെന്ന് പറയാം.

കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിന് ഗോത്രമഹാ സഭ നേതാവ് എം. ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനെ കൂടാതെ നിരവധി ദളിത് സംഘടന പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഗീതാനന്ദന്‍ കുറ്റപ്പെടുത്തി. റോഡില്‍ കണ്ട കറുത്തവരെയെല്ലാം കസ്റ്റഡിയിലെടുക്കുന്ന നടപടിയാണ് പോലീസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Related posts