ഇടുക്കി ഡാമിന് സമീപം ഭൂമിയില്‍ വിള്ളല്‍, വീടുകള്‍ പലതും വിണ്ടുകീറി, വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു, കനത്ത മഴയില്‍ ഭൂമി താഴ്ന്നതെന്ന് പ്രാഥമിക നിഗമനം, പരിശോധനകള്‍ക്കായി വിദഗ്ധരെ അയയ്ക്കും

ഇടുക്കി ഡാമിന്റെ പരിസര ഭാഗങ്ങളില്‍ പലയിടത്തും ഭൂമിയില്‍ വിള്ളലുകള്‍. ഡാമില്‍ നിന്ന് 14 കിലോമീറ്റര്‍ മാത്രം അകലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ കീരിത്തോട്, പുന്നയാര്‍, വാത്തിക്കുടി പഞ്ചായത്തില്‍ രാജപുരം, തേക്കിന്‍തണ്ട്, പെരിയാര്‍വാലി എന്നിവിടങ്ങളിലാണ് ഭൂമി വിണ്ടു കീറിയതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. ഇവിടെ രണ്ടാഴ്ചയായി തുടര്‍ച്ചയായ മഴയായിരുന്നു. പലയിടത്തും ശക്തമായ ഉരുള്‍പ്പൊട്ടലും ഉണ്ടായി.

കീരിത്തോട് പട്ടണത്തില്‍ ഒന്നരകിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുകയാണ് വിള്ളല്‍. ഇവിടെ സെന്റ് മേരീസ് പള്ളിയുടെ പാരീഷ് ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടത്തെ വീടുകളില്‍ താമസിച്ചിരുന്നവരെയും മാറ്റി. ടൗണില്‍ കടകള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. വലിയ മലയയുടെ വശങ്ങളിലാണ് ഈ സ്ഥലം. കനത്ത മഴയില്‍ ഭൂമിയുടെ അടിത്തട്ടിലെ മണ്ണിനടിയില്‍ നീരൊഴുക്ക് ശക്തമായതോടെ മണ്ണ് ഇരുന്നതാണ് വിള്ളലിന് കാരണമെന്നാണ് സൂചന.

Related posts