ഡിഡിഎല്‍ജെയില്‍ സംവിധായകന്‍ ആദ്യം നായകനായി തീരുമാനിച്ചത് ഹോളിവുഡ് സൂപ്പര്‍താരത്തെ ! അനശ്വര പ്രണയചിത്രത്തിന് ഇന്ന് 25 വയസ്…

ബോളിവുഡിലെ അനശ്വര പ്രണയചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ (ഡിഡിഎല്‍ജെ)യ്ക്ക് ഇന്ന് 25 വയസ്സ്. ഒരു തലമുറയുടെ പ്രണയസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് ഇന്നും പുതിയതുപോലെയാണ്.

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ ഓടിയ ചിത്രമെന്ന വിശേഷണവും ഡിഡിഎല്‍ജെയ്ക്ക് സ്വന്തം. നീണ്ട 20 വര്‍ഷമാണ് മുംബൈ മറാത്ത മന്ദിര്‍ തിയറ്ററില്‍ ചിത്രം മുടങ്ങാതെ പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും പത്ത് ഫിലിംഫെയര്‍ അവാര്‍ഡുകളും സ്വന്തമാക്കി.

എന്നാല്‍ ചിത്രത്തെക്കുറിച്ച് ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച രാജ് മല്‍ഹോത്ര എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ആദിത്യ ചോപ്ര ആദ്യം ആഗ്രഹിച്ചത് ഹോളിവുഡ് താരമായ ടോം ക്രൂയിസിനെ ആയിരുന്നു.

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെയും നായകവേഷത്തിലേക്ക് പരിഗണിച്ചിരുന്നു. പിന്നീടാണ് ഷാരൂഖ് ഖാനിലേക്ക് നായകവേഷമെത്തുന്നത്. എന്നാല്‍ കഥ കേട്ടപ്പോള്‍ ഷാരൂഖ് ഒഴിഞ്ഞു മാറിയെന്ന് ആദിത്യ പറയുന്നു.

”ഷാരൂഖ് ഖാനെ സമ്മതിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കഥ വിവരിച്ചുകൊടുത്തപ്പോള്‍, ഞാനൊരു പ്രണയകഥ സംവിധാനം ചെയ്യുന്നു എന്ന കാര്യം ഷാരൂഖിന് അതിശയമായിരുന്നു.

ഒരു ആക്ഷന്‍ ഫിലിം ചെയ്തുകൊണ്ടായിരിക്കും ഞാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുക എന്നായിരുന്നു ഷാരൂഖ് കരുതിയിരുന്നത്.

ആ സമയത്ത് ആക്ഷന്‍ ഹീറോ റോളുകള്‍ ചെയ്യാനായിരുന്നു ഷാരൂഖിന് താല്‍പ്പര്യം, പ്രണയനായകനായി വേഷമിടാന്‍ ഷാരൂഖ് ആഗ്രഹിച്ചിരുന്നില്ല,” ആദിത്യ ചോപ്ര പറയുന്നു.

ഒരു മാസമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കാന്‍ ആദിത്യ ചോപ്ര എടുത്തത്. ചിത്രത്തിന് ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ എന്ന പേര് നിര്‍ദ്ദേശിച്ചതാവട്ടെ നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ കിരണ്‍ ഖേറും. സിനിമയുടെ ക്രെഡിറ്റ് ലൈനില്‍ കിരണിന് ആദിത്യ ചോപ്ര നന്ദി രേഖപ്പെടുത്തുന്നുമുണ്ട്.

സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഷാരൂഖ് ഖാന്റെ ബ്ലാക്ക് ലെതര്‍ ജാക്കറ്റ്. ഈ ജാക്കറ്റിനു പിറകിലും ഒരു കഥയുണ്ട്. കാലിഫോര്‍ണിയയിലെ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഷോറൂമില്‍ നിന്നും 400 ഡോളര്‍ ചിലവാക്കിയാണ് ഉദയ് ചോപ്ര ഈ ജാക്കറ്റ് വാങ്ങിയത്.

സിനിമയിലെ ‘പലാട്ട്’ സീനൊരുക്കാന്‍ തനിക്ക് പ്രചോദനമായത് ‘ഇന്‍ ദി ലൈന്‍ ഓഫ് ഫയര്‍’ എന്ന ക്ലിന്റ് ഈസ്റ്റ്വുഡിന്റെ ത്രില്ലര്‍ ചിത്രത്തിലെ ഒരു രംഗമാണെന്ന് ആദിത്യ ചോപ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നെങ്കിലും വിവാഹവീട്ടിലെ ആഘോഷം പകര്‍ന്നു നല്‍കുന്ന ‘മെഹന്ദി ലഗാ കെ രഖ്‌ന’ എന്നു തുടങ്ങുന്ന ഗാനം വ്യത്യസ്ഥതയാര്‍ന്നതായിരുന്നു.

സംഗീത സംവിധായകരായ ജതിന്‍-ലളിത് സഹോദരന്മാര്‍ യഥാര്‍ത്ഥത്തില്‍ ആ ഗാനം ‘കില്ലാടി’ എന്ന ചിത്രത്തിനു വേണ്ടി എഴുതിയതായിരുന്നു.

അതുപോലെ, ആദിത്യ ചോപ്രയുമായുള്ള നിരവധി വിയോജിപ്പുകള്‍ക്ക് ശേഷം നൃത്തസംവിധായക സരോജ് ഖാന് പകരം ഫറാ ഖാന്‍ ചിത്രത്തില്‍ പകരക്കാരിയായി എത്തുകയായിരുന്നു. ചിത്രത്തിന്റെ 25-ാം വാര്‍ഷികം ആഘോഷമാക്കാനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.

Related posts

Leave a Comment