കേസ് അവസാനിപ്പിക്കണമെങ്കില്‍ കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കി രസീത് ഹാജരാക്കണം! ശ്രദ്ധേയമായി ലൈംഗികാതിക്രമ കേസിലെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഇക്കഴിഞ്ഞദിവസങ്ങളിലെ വെള്ളപ്പൊക്ക ദുരിതത്തിലൂടെ കേരളത്തിന് സംഭവിച്ചിരിക്കുന്നത്. നല്ലൊരു തുക ധനസഹായമായി കിട്ടിയാല്‍ മാത്രമേ ഓരോ കുടുംബത്തിനും തത്കാലത്തേയ്‌ക്കെങ്കിലും പിടിച്ച് നില്‍ക്കാനും സാധിക്കുകയുള്ളൂ.

സ്വദേശത്തും വിദേശത്തും നിന്ന് നിരവധി സഹായങ്ങള്‍ കേരളത്തിന് ലഭിക്കുന്നുമുണ്ട്. ചെറിയവരെന്നോ വലിയവരെന്നോ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും കൈമെയ് മറന്ന് മറ്റുള്ളവരെ സഹായിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി ചെയ്ത ഒരു നന്മയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

തികച്ചും വ്യത്യസ്തമായ ഒരു വിധി പ്രസ്താവത്തിലൂടെയാണ് ഹൈക്കോടതി കേരളത്തിനുവേണ്ടി ആ സഹായം ചെയ്തിരിക്കുന്നത്. ലൈംഗിക അതിക്രമക്കേസ് തീര്‍പ്പാക്കാനുണ്ടായ കോടതി ചെലവ് കേരളത്തിന്റെ ദുരിതാശ്വാസത്തിന് നല്‍കാനുള്ള കോടതിയുടെ ഉത്തരവാണ് കൈയ്യടി നേടിയത്.

ലൈംഗിക അതിക്രമക്കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ സിങ് എന്ന യുവാവ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ പരിഗണിച്ചത്. അതിക്രമത്തിനിരയായ യുവതിയും തരുണും ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ കേസ് തീര്‍പ്പാക്കുന്നതിന് തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.

എന്നാല്‍, കേസ് അവസാനിപ്പിക്കണമെങ്കില്‍ കേരളത്തിന്റെ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് പതിനയ്യായിരം രൂപ സംഭാവന നല്‍കാന്‍ ജസ്റ്റിസ് സച്ച്‌ദേവ ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം പണം അടച്ച്, രസീത് ഗ്രേറ്റര്‍ കൈലാഷ് പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ എഫ്.ഐ.ആര്‍ റദ്ദാകുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

2017ലാണ് തരുണിനെതിരെ യുവതി ലൈംഗിക അതിക്രമ പരാതി നല്‍കിയത്. ഇതിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇരുവരും സുഹൃത്തുക്കളാണെന്ന് നിരീക്ഷിച്ച സാകേത് ജില്ലാ കോടതി, മധ്യസ്ഥ ചര്‍ച്ച നടത്തി. മധ്യസ്ഥ ശ്രമം വിജയം കണ്ടപ്പോള്‍ കേസ് പിന്‍വലിക്കാന്‍ വഴിയൊരുങ്ങി. ഇതോടെയാണ് തരൂണ്‍ ഹൈക്കോടതിയെ സമീപിച്ചത്.

Related posts