വാക്‌സിന്‍ ലൈംഗിക ശേഷി കുറയ്ക്കും ! ആരോഗ്യ വകുപ്പ് അധികൃതരെ കണ്ട് കൂട്ടത്തോടെ നദിയില്‍ ചാടി ആളുകള്‍; സംഭവം ഇങ്ങനെ…

എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരണമെന്ന് സര്‍ക്കാര്‍ നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും രാജ്യത്തെ ഗ്രാമീണ മേഖലയില്‍ വാക്സിനോടുള്ള എതിര്‍പ്പ് തുടരുകയാണ്.

വാക്സിനേഷന്‍ ഒഴിവാക്കാന്‍ ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ നദിയിലേക്കു ചാടിയെന്നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള വാര്‍ത്ത. ബാരാബങ്കിയിലെ സിസോദിയയിലാണ് സംഭവം.

വാക്സിനെടുക്കേണ്ട ദിവസം ഇവിടെ നിരവധി പേര്‍ നദിയില്‍ ചാടി കുത്തിവയ്പ് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വാക്‌സിന്‍ എടുത്ത ശേഷവും ആളുകള്‍ക്ക് രോഗം വരുന്നുണ്ടെന്നും ആളുകള്‍ മരിക്കുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്ന ന്യായീകരണം.

കോവിഡ് വാക്സിന്‍ ദോഷകരമാണെന്നാണ് സിസോദിയയിലെ കൃഷിക്കാരനാണ് ശിശുപാല്‍ പറയുന്നത്. മെട്രിക്കുലേഷന്‍ പാസായ താന്‍ ഇക്കാര്യം കഴിയും വിധത്തിലെല്ലാം ഗ്രാമീണരെ ‘ബോധവത്കരിക്കുന്നുണ്ടെന്നും’ ശിശുപാല്‍ പറയുന്നു.

നഗരങ്ങളിലുളള സുഹൃത്തുക്കളില്‍നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് ശിശുപാല്‍ പറയുന്നു. വാക്സിനുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കായില്ല.

രണ്ട് ഡോസ് വാക്സിനും എടുത്ത തന്റെ അമ്മാവന്‍ ഡല്‍ഹിയില്‍ കോവിഡ് വന്നു മരിച്ചെന്നും ഇയാള്‍ പറഞ്ഞു.

വാക്സിന്‍ എടുത്താന്‍ കോവിഡ് വരില്ലെന്ന് ഉറപ്പു പറയാനാവുമോയെന്നാണ് മറ്റൊരു ഗ്രാമീണനായ മുഹമ്മദ് അഹ്സന്‍ ചോദിക്കുന്നത്.

വാക്സിനെടുക്കാന്‍ പോയി രോഗബാധിതരായവര്‍ തൊട്ടടുത്ത ഗ്രാമങ്ങളില്‍ ഉണ്ടെന്ന് അഹ്സന്‍ പറഞ്ഞു. സര്‍ക്കാര്‍ എന്തിനാണ് വാക്സിന് എടുക്കാന്‍ നിര്‍ബന്ധിക്കുന്നത്? ആവശ്യമുള്ളവര്‍ എടുത്താല്‍ പോരേയെന്നാണ് അഹ്സിന്റെ ചോദ്യം.

കോവിഡ് വാക്സിന്‍ ലൈംഗിക ശേഷിയെ ഇല്ലാതാക്കുമെന്ന പ്രചാരണവും ഗ്രാമത്തിലുണ്ട്. ഇതാണ് പുരുഷന്മാരില്‍ ഒരു വിഭാഗത്തിന്റെ മടിക്കു പിന്നിലെന്നാണ് സൂചനകള്‍.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതു കണ്ടപ്പോള്‍ ഒരു കൂട്ടം ആളുകള്‍ സരയു നദിയില്‍ ചാടിയതിനു പിന്നില്‍ ഈ പ്രചാരണമാണെന്നാണ് പറയുന്നത്.

ഇരുന്നൂറോളം പേരാണ് ആരോഗ്യ വകുപ്പ് അധികൃതരെ കണ്ടപ്പോള്‍ ജയിലില്‍ ചാടിയതെന്ന് സബ് കലക്ടര്‍ രാജീവ് കുമാര്‍ ശുക്ല പറഞ്ഞു. ബോധവത്കരണത്തിനു ശേഷം പതിനെട്ടു പേര്‍ മാത്രമാണ് കുത്തിവയ്പ് എടുത്തതെന്ന് ശുക്ല പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരത്തില്‍ വാക്‌സിന്‍ ലൈംഗിക ശേഷിയെ ബാധിക്കുമെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെന്നാണ് വിവരം.

Related posts

Leave a Comment