ബ്ലാസ്‌റ്റേഴ്‌സ് മാത്രമല്ല ഇതും ഫുട്‌ബോളാണ്, കുട്ടികള്‍ക്ക് ജേഴ്‌സി പോലും നല്കിയില്ല, പഴയതും ഇറുകിയതുമായതും ധരിക്കേണ്ടിവന്നു, മുന്‍ കേരള താരം എബിന്‍ റോസ് തുറന്നടിക്കുന്നു

ebin 2എബിന്‍ റോസ് എന്ന താരത്തെപ്പറ്റി അറിയാത്ത ഫുട്‌ബോള്‍ ആരാധകര്‍ കേരളത്തില്‍ ഉണ്ടാകില്ല. കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ നിരവധി തവണ ബൂട്ടുകെട്ടിയ താരം. ഫുട്‌ബോളിനെ സ്വന്തം ജീവനേക്കാളേറെ സ്‌നേഹിച്ച വ്യക്തി. പുല്‍മൈതാനത്തോട് വിടപറഞ്ഞതോടെ വിടപറഞ്ഞതോടെ തിരുവനന്തപുരത്തെ തീരദേശമായ കോവളത്ത് ഒരു ഫ്ുട്‌ബോള്‍ ക്ലബിന് അദേഹം രൂപംനല്കി. തീരമേഖലയില്‍നിന്ന് വളര്‍ന്നുവന്ന തന്നെപ്പോലുള്ള പ്രതിഭകള്‍ക്ക് കളി പഠിക്കാനും വളരാനുമുള്ള ഒരു വേദിയായിട്ടിയിരുന്നു കോവളം എഫ്‌സി എന്ന ക്ലബ് രൂപംകൊണ്ടത്. സാമ്പത്തികപ്രാരാബ്ധങ്ങള്‍ക്കിടയിലും കോവളം എഫ്‌സി ജൂണിയര്‍ ലീഗുകളില്‍ മികച്ച പ്രകടനം നടത്തി. ഇപ്പോള്‍ ക്ലബ്ബിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് എബിന്‍ റോസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്.

ചതിക്കപ്പെട്ടു എന്ന് തോന്നിയാല്‍ അതിനു പരിഹാരം കാണും വരെ പോരാടും .ഒരു സാധാരണ ശമ്പളം മാത്രം ഉള്ള മിഡില്‍ ക്ലാസ്സ് കുടുമ്പത്തില്‍ ജനിച്ച എനിക്ക് ഒരു ജീവിതം തന്നത്, ഫുട്‌ബോള്‍ കളിയിലെ മികവിന് ടൈറ്റാനിയം കമ്പനി തന്ന ജോലി ആണ്. എല്ലാ അച്ചന്മാരെയും പോലെ മകന്‍ പഠിച്ചു വലിയ ഉദ്യോഗം നേടണം എന്നാഗ്രഹിച്ച അപ്പന്‍ എന്നെ പന്ത് കളിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഫുട്‌ബോള്‍ കളിക്കാരന്‍ ആകണം എന്ന ദൈവ നിശ്ചയം ആര്‍ക്കും തടയാന്‍ കഴിഞ്ഞില്ല. ചെറുതായിരിക്കുമ്പോള്‍ ഒരു ബൂട്ടോ, ജേര്‍സിയോ കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പില്‍ക്കാലത്ത് ഒരു പരിശീലകന്‍ ആയപ്പോള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് പലരുടെയും സഹായത്തോടെ ബൂട്ടും ജെര്‌സിയും വാങ്ങി കൊടുത്ത് സംതൃപ്തി അടഞ്ഞു.

അതിബുദ്ധിയും സാമ്പത്തിക പരിമിതികളും ഞങ്ങളുടെ ഫുട്ബാള്‍ പ്രതീക്ഷകളെ കോവളം എഫ്‌സി എന്ന ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പേര് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ അത് പ്രാദേശികവുംജാതിയും മതവും ഒക്കെ പറഞ്ഞു പലരും ഒതുക്കാന്‍ നോക്കി. എങ്കിലും ഇന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകാരം ഉള്ള തലസ്ഥാന ജില്ലയിലെ ഏക ഫുട്‌ബോള്‍ അക്കാദമി ആയി മാറി. അതിനിടയില്‍ കുട്ടികളുടെ കഴിവും വിജയങ്ങളും അവര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഉള്ള അന്വേഷണം പലരിലും എത്തിച്ചു. അവസാനം എത്തിപ്പെട്ടത് ഒരു ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട, ഫുട്ബാളിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു എന്നവകാശപ്പെട്ട ഒരു ആളില്‍ ആയിരുന്നു. അദ്ദേഹവും,അദ്ദേഹം കണ്ടെത്തിയ ആളും പറഞ്ഞു നിങ്ങള്‍ വിഴിഞ്ഞത് കിടന്നു കളിച്ചാല്‍ ആരും അറിയില്ല തിരുവനന്തപുരത്ത് വന്നു പരിശീലനം നടത്തണം. അതിനു വേണ്ടിയുള്ള സഹായം ചെയ്തു തരാം. അത് സീനിയര്‍ ടീമിന്റെ മൂന്നു ഓള്‍ ഇന്ത്യ വിജയത്തിനും ജൂനിയര്‍ ടീമിന് യൂത്ത് ഐ ലീഗിലലെക്കും വഴി തുറന്നു. ഇങ്ങനെ ടീമിന്റെ പ്രശസ്തി ഒരുപാട് കുട്ടികളെ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ എത്തിച്ചു. അപ്പോള്‍ അവര്‍ പുതിയ കാര്യം അവതരിപ്പിച്ചു ഒരു പുതിയ കോച്ചിനെ കൊണ്ട് വരണം എബിന് അത് സഹായം ആകും എന്ന്. ശരിക്കും കേരള ഫുട്ബാളിലെ പ്രശസ്തനായ കോച്ചിനെ തന്നെ കൊണ്ട് വന്നു. അതിനിടക്ക് പല കാരണങ്ങള്‍ പറഞ്ഞു ഞങ്ങളെ തീരദേശ മേഖലയില്‍ ഒതുക്കി തിരുവനന്തപുരം മേഖലയില്‍ കച്ചവട താല്പരിയം മാത്രം ഉള്ള രീതിയല്‍ ആക്കുകയും ട്രിവാഡ്രം എഫ് സി എന്ന് പേര് മാറ്റുകയും ചെയ്തു. അതില്‍ പരാതിയില്ല ഫുട്‌ബോള്‍ വളര്‍ത്താന്‍ ഒരു ക്ലബ് കൂടെ നല്ലത്.

പക്ഷെ കോവളം ഫുട്‌ബോള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ തീരദേശത്തെ കുട്ടികളെയും, ഗ്രാമത്തിലെ കുട്ടികളെയും ഫ്രീയായി പരിശീലിപ്പിക്കാനും മറ്റു സൗകരിയങ്ങള്‍ ചെയ്തു കൊടുക്കാനും കോവളം എഫ് സിയിലെ കുട്ടികളുടെ പേരില്‍ എഴുതി വാങ്ങിയ ഫണ്ടും, കുട്ടികള്‍ക്ക് ജേഴ്‌സി പോലും കൊടുക്കാതെ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചതും പഴയതും ഇറുകിയതും ആയ ജേഴ്‌സി ഇടുപ്പിച്ചു, പരിശീലന സൗകരിയം പോലും ചെയ്തു കൊടുക്കാതെ ദേശിയ ഐ ലീഗ് പോലെയുള്ള വലിയ മത്സരത്തില്‍ ഇറക്കി അവരുടെ ഭാവിയെ പോലും അപകടത്തില്‍ ആക്കി. അവസാന മത്സരങ്ങള്‍ കളിക്കാന്‍ ഫണ്ട് ഇല്ല എന്ന് പറഞ്ഞു ടീമിനെ ഒതുക്കി കോവളം എഫ് സിയുടെ അംഗീകാരം നഷ്ടപ്പെടുത്താന്‍ ഉള്ള ശ്രമം ആണ് എന്ന് തോന്നിയത് കൊണ്ട് വര്‍ഗീസ് സാറിന്റെയും എന്റെയും വീട്ടില്‍ നിന്നും പൈസ എടുത്തു ടീമിനെ വിട്ടു. അപ്പോള്‍ ആണ് അറിയുന്നത് ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നും വലിയ ഒരു ഫണ്ട് ഇതിന്റെ പേരില്‍ വാങ്ങി എന്ന്. ചോദിച്ചപ്പോള്‍ നീ കോവളം എഫ്‌സി യെ പരിശീലിപ്പിച്ചോയെന്നു ഒരു മറുചോദ്യം ?

മൂന്നു കളിക്കാരെ അണ്ടര്‍ 17 ലോക കപ്പു സെലക്ഷന്‍ ക്യാമ്പില്‍ വിടാതെ പാവപ്പെട്ട കുട്ടികളുടെ അവസരം എന്തിനു നഷ്ടപ്പെടുത്തി എന്ന എന്റെ ചോദ്യത്തിനു സമുദായത്തിനെ അവഹേളിക്കുന്ന തരത്തില്‍ നീയൊക്കെ വിവരം ഇല്ലാത്തവന്‍മാര്‍ എന്ന് അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കാശിന്റെ ഹുങ്കും, അധികാരവും കയ്യില്‍ ഉണ്ട് എന്ന് കരുതി പേടിച്ചു ഓടാന്‍ ഞാന്‍ ശീതികരിച്ച ഹാളില്‍ ഇരുന്നു. അപ്പനും അമ്മയും ഇട്ടു തരുന്ന കുപ്പായവും അണിഞ്ഞു വാട്ടര്‍ ബോട്ടിലും തൂക്കി നടന്ന വെറും അമൂല്‍ ബേബി അല്ല. അതെ ഞാന്‍ മുക്കുവ സമുദായത്തില്‍ പിറന്ന, കാശ്മീര്‍ അതിര്‍ത്തിയില്‍ വര്‍ഷങ്ങളോളം രാജ്യത്തിന് കാവല്‍ കിടന്ന സൈനികന്‍റെ മകന്‍ ആണ്. എന്നെ കേസ് എന്ന് പറഞ്ഞു പേടിപ്പിക്കണ്ട കോവളം എഫ്‌സി യിലെ കുട്ടികളുടെ പേരില്‍ ഒരു രൂപയെങ്കിലും വാങ്ങിയിട്ടുണ്ട് എങ്കില്‍ അത് ആ കുട്ടികളില്‍ തന്നെ എത്തിക്കും. ഫുട്‌ബോള്‍ ടീം വഴി ഒരുപാടു ചീത്ത പേര് ഉണ്ടാക്കി. പക്ഷെ എന്റെ കുട്ടികളുടെ സന്തോഷവും വിജയവും മതി എനിക്ക് ഊര്‍ജം ലഭിക്കാന്‍. സത്യം എന്‍റെ പക്ഷത്തും, കൈകള്‍ ശുദ്ധവും ആയതിനാല്‍ കേസ് എന്ന് പറഞ്ഞു പേടിപ്പിക്കണ്ട നമുക്ക് കാണാം.

Related posts