കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയിൽ തെരുവ് വിളക്കുകളില്ലാത്തതിനാൽ കാട്ടാനകളുടെ വിളയാട്ടം ഭയന്ന് പുറത്തിറങ്ങാനാകാതെ നാട്ടുകാർ. മേലേപ്പയ്യാനി ഭാഗത്താണ് വീടുകൾക്കു സമീപത്തുകൂടെ രാത്രി കാട്ടാനകൾ ഇറങ്ങിനടക്കുന്നത്.
കഴിഞ്ഞദിവസം മേലേപയ്യാനി ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചത് വെളുപ്പിനെയായിരുന്നു. റബർ ടാപ്പിംഗിനായി വീട്ടിനു പുറത്തിറങ്ങിയ തൊഴിലാളി ശബ്ദം കേട്ട് ടോർച്ചടിച്ചു നോക്കിയപ്പോഴാണ് വൈദ്യുതികാലിനു സമീപം കാട്ടാന നിൽക്കുന്നത് കണ്ടത്. സമീപത്ത് മറ്റ് രണ്ടു കാട്ടാനകളും കൂടി ഉണ്ടായിരുന്നു.
വടക്കന്റെകാടു മുതൽ കരിമലവരെയുള്ള മലയോരമേഖലയിൽ പലഭാഗത്തും തെരുവ് വിളക്കുകൾ ഇല്ല. മുമ്പ് സ്ഥാപിച്ച പല വിളക്കുകളും കേടുവന്ന് കത്തുന്നുമില്ല. പരിചരണം ഇല്ലാത്തതാണ് തെരുവ് വിളക്കുകൾ കേടുവരാൻ കാരണം.
കാട്ടാനകൾ സ്ഥിരമായി ഈ മേഖലയിൽ ഇറങ്ങുന്നതുകാരണം കർഷകരും സ്കൂൾ കുട്ടികളുമടക്കമുള്ളവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്. രാത്രിയിൽ മാത്രം ഇറങ്ങിയിരുന്ന കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ പകലും കൃഷിഭൂമിയിൽ ഇറങ്ങുന്നതും പതിവാണ്.
കേടുവന്ന് കത്താത്ത തെരുവ് വിളക്കുകൾ നന്നാക്കണമെന്നും ബാക്കിയുള്ള വൈദ്യുതികാലുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്കും ജനവാസമേഖലകളിലേക്കും ഇറങ്ങാതെ സംരക്ഷണം നൽകണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
