ന്യൂഡൽഹി: ആഗോള ഇന്ധന പ്രതിസന്ധിയെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നതിനിടെ, ബദൽ മാർഗങ്ങളുമായി കേന്ദ്രം. 22%, 25%, 27%, 30% എന്നിങ്ങനെ ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ധന മിശ്രിതങ്ങൾക്കാണ് ജൂൺ 10-ലെ വിജ്ഞാപനപ്രകാരം ഇളവ് അനുവദിച്ചിരിക്കുന്നത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനും എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാനുമാണ് നടപടി. പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് മാർച്ച് അവസാനത്തോടെ ആഭ്യന്തരവിപണിയിലെ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് നികുതി ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ കുറച്ചിരുന്നു. വിപണിയിലെ ഇന്ധനവില പെട്ടെന്ന് വർധിക്കുന്നത് തടയാൻ ഇത് സഹായിച്ചു.
അതേസമയം, രാജ്യത്തിനകത്ത് ഇന്ധനലഭ്യത ഉറപ്പാക്കുന്നതിനായി ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് 21.5 രൂപയും, വിമാന ഇന്ധനത്തിന് ലിറ്ററിന് 29.5 രൂപയും പ്രത്യേക കയറ്റുമതി നികുതിയായി സർക്കാർ ചുമത്തിയിട്ടുണ്ട്. ആഗോള വിപണിയിലെ വിലക്കയറ്റത്തിൽനിന്നും വിതരണ തടസങ്ങളിൽനിന്നും ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ മേയ് 15 മുതൽ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ നാല് തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. ഇന്ധനവിലയിൽ ലിറ്ററിന് 7.5 രൂപയുടെ വർധനയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ എഥനോൾ മിശ്രിതങ്ങൾക്കുള്ള നികുതിയിളവ് ആഭ്യന്തര വിപണിക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ.
