കാറ്റുനിറച്ച തുകല്‍പ്പന്തിനൊപ്പം ഇന്നു മുതല്‍ ഭൂഗോളവും ഉരുണ്ടുതുടങ്ങും. കാലുകളില്‍നിന്ന് കാലുകളിലേക്കും ഹൃദയങ്ങളില്‍നിന്നു ഹൃദയങ്ങളിലേക്കുമുള്ള ഉല്ലാസയാത്ര… ഭൂഗോളത്തെ ഇത്രമേല്‍ ചേര്‍ത്തുനിര്‍ത്തുന്നൊരു കായികപോരാട്ടമില്ല.
പങ്കാളിത്ത വലുപ്പത്തില്‍ ഒളിമ്പിക്സിനാണ് ഒന്നാം സ്ഥാനമെങ്കിലും അവിടെ പലവിധ മത്സരങ്ങള്‍ അരങ്ങുണര്‍ത്തുന്നു. ഫിഫ ലോകകപ്പില്‍ അങ്ങനല്ല, ഫുട്ബോള്‍ മാത്രം; കാലും പന്തും ഗോളും… ഒരു ഫുട്ഗോള് അന്തരീക്ഷം… നാലു വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ 2026 എഡിഷന് ഇന്നു കിക്കോഫ്. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നു നടക്കുന്ന മെക്സിക്കോ x ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെ ലോകകപ്പിനു തുടക്കമാകും. തുടര്‍ന്ന്, ജൂലൈ 20 പുലര്‍ച്ചെവരെ നീളുന്ന ഫൈനലിന്റെ ലോംഗ് വിസില്‍ മുഴങ്ങുന്നതുവരെ ട്രിയോന്‍ഡ പന്തിന്റെ പരക്കംപാച്ചില്‍.
സ്വപ്നവേദി
ഏതൊരു കാല്പ്പന്തുകളിക്കാരന്റെയും സ്വപ്നവേദിയാണ് ഫിഫ ലോകകപ്പ്. കേരളം പ്രഥമ സന്തോഷ് ട്രോഫി നേടിയ 1973ല്‍, മൂന്നാം ഗോള്‍കീപ്പറായിരുന്ന ഞാന്‍, തികച്ചും അപ്രതീക്ഷിതമായി ഗോള്‍വല കാത്ത് കപ്പുയര്ത്തിയപ്പോഴത്തെ വിറയലും പരിഭ്രമവും ഇന്നും ഓര്‍മയില്‍. സന്തോഷ് ട്രോഫിയില്‍ എന്റെ അന്നത്തെ അവസ്ഥ അതായിരുന്നെങ്കില്‍, മെക്സിക്കോയുടെ 17 വയസുകാരന് ഗില്‍ബെര്‍ട്ടോ മോറയടക്കം ദേശീയ ടീമിനായി ലോകകപ്പ് വേദിയില്‍ എത്തുന്ന താരങ്ങള്‍ എത്രമാത്രം സമ്മര്‍ദവും പരിഭ്രമവും പേറുന്നുണ്ടാകാം…
അത്തരം സമ്മര്‍ദങ്ങളെ കൂട്ടായി ചെറുത്തു തോല്‍പ്പിക്കാനുള്ള ദിനങ്ങള്‍ക്കാണ് അമേരിക്ക-കാനഡ-മെക്സിക്കോ രാജ്യങ്ങള്‍ ഇന്നു മുതല്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്.
മൂന്നു രാജ്യത്തും ഉദ്ഘാടനം
മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലാണ് ഇന്നത്തെ ഉദ്ഘാടന മത്സരം. തുടര്‍ന്ന് ഇന്ത്യന്‍ സമയം നാളെ രാവിലെ 7.30ന് ദക്ഷിണകൊറിയയും ചെക്കും തമ്മിലും മത്സരം നടക്കും. ചരിത്രത്തില്‍ ആദ്യമായി ഫിഫ ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളില്‍ ഒന്നിച്ച് ഉദ്ഘാടനം നടക്കുമെന്നതും ശ്രദ്ധേയം.
1994ല്‍ അമേരിക്ക ഫിഫ ലോകകപ്പിനു വേദിയൊരുക്കിയിരുന്നു. 1970, 1986 ലോകകപ്പുകളില്‍ മെക്സിക്കോയും വേദിയായി. കാനഡയ്ക്ക് ഇത് ആദ്യ അവസരമാണ്.
മൂന്നു രാജ്യങ്ങളുടെയും ചരിത്രവും സംസ്കാരവും സമന്വയിപ്പിച്ച ഉദ്ഘാടന ചടങ്ങായിരിക്കും ഒരേസമയം നടക്കുക. ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫിനും 90 മിനിറ്റ് മുമ്പായിരിക്കും ചടങ്ങ് അരങ്ങേറുക.
മാര്‍ക്കോ ബാലിച്ച്
വിവിധ ഒളിമ്പിക്സുകളുടെ ഉദ്ഘാടന ചടങ്ങ് അണിയിച്ചൊരുക്കിയ മാര്‍ക്കോ ബാലിച്ചാണ് ഫിഫ ലോകകപ്പിന്റെയും ക്രിയേറ്റീവ് ഡയറക്ടര്‍. മെക്സിക്കോ സിറ്റി, ടൊറന്റോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലാണ് ഉദ്ഘാടന ചടങ്ങ്. കൊളംബിയന്‍ ഗായകന് ജെ. ബാല്‍വിന്‍, ദക്ഷിണാഫ്രിക്കന്‍ ഗായിക ടൈല, പോപ് ബാന്‍ഡായ മനാ, മെക്സിക്കന്‍ ഗായികമാരായ ബെലിന്‍ഡ, ലില ഡൗണ്‍സ്, മെക്സിക്കന്‍ ഗായകന് അലജാന്‍ഡ്രോ ഫെര്‍ണാണ്ടസ്, മെക്സിക്കന്‍ സംഗീത സംഘമായ ലോസ് എയ്ഞ്ചലസ് അസുലെസ് തുടങ്ങിയ വന്‍ സംഘമാണ് വേദിയിലെത്തുക.
104
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ അരങ്ങേറുന്ന സീസൺ ആണിത്തവണത്തേത്; 104 എണ്ണം. 2022 ഖത്തർ ലോകകപ്പുവരെ 32 ടീമുകളായിരുന്നു ലോകകപ്പിൽ പങ്കെടുത്തത്. ഇത്തവണ 48 ടീമുകളുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം 72 മത്സരങ്ങൾ നടക്കും. റൗണ്ട് ഓഫ് 32 ഉണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
891
2026 ഫിഫ ലോകകപ്പിൽ കന്നിക്കാരായി എത്തുന്നത് 891 കളിക്കാർ. ഫിഫ ലോകകപ്പിൽ അരങ്ങേറ്റക്കാരുടെ എണ്ണത്തിലെ റിക്കാർഡ്.
1,248
2026 ലോകകപ്പിൽ പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം 1248. ചരിത്രത്തിൽ ഏറ്റവും വലുത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്തിയതാണ് ഇതിന്റെ കാരണം. ഒരു ടീമിൽ 26 അംഗങ്ങളുണ്ട്.
04
ഇത്തവണ ആദ്യമായി ഫിഫ ലോകകപ്പ് വേദിയിൽ എത്തുന്നത് നാല് ടീമുകൾ. അതിൽ ഏറ്റവും കുഞ്ഞന്മാരായുള്ള രാജ്യം കുറസാവോ. കേപ് വെർദെ, ജോർദാൻ, ഉസ്ബക്കിസ്ഥാൻ ടീമുകളാണ് ഇത്തവണ അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന മറ്റുള്ളവർ.
16
അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി ആകെ 16 വേദികളിലായാണ് 2026 ഫിഫ ലോകകപ്പ് അരങ്ങേറുക. ഡാളസിലെ എടി&ടി സ്റ്റേഡിയമാണ് ഏറ്റവും വലുത്. മെക്സിക്കോയിൽ മൂന്നും കാനഡയിൽ രണ്ടും വേദികളുണ്ട്. 11 സ്റ്റേഡിയങ്ങൾ അമേരിക്കയിലാണ്. ന്യൂജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയമാണ് ഫൈനലിന്റെ വേദി.
ടൈം ടേബിൾ
കാൽപ്പന്ത് ആരാധകർ ലോകകപ്പിന്റെ തത്സമയ മത്സരങ്ങൾ കാണാൻ അല്പം ബുദ്ധിമുട്ടേണ്ടിവരും. വല്ലാത്ത സമയത്താണ് മത്സരങ്ങൾ അരങ്ങേറുന്നത്. അർധരാത്രി 12.30, പുലർച്ചെ 1.30, 2.30, 3.30, 4.30, 5.30, 6.00, 6.30, രാവിലെ 7.30, 8.30, 9.30, രാത്രി 9.30, 10.30 എന്നിങ്ങനെയുള്ള സമയങ്ങളിലാണ് മത്സരങ്ങൾ. ജൂലൈ 20, 12.30 am ആണ് ഫൈനലിന്റെ കിക്കോഫ്. ഇന്ത്യയിൽ സീ നെറ്റ്വർക്കും സീ 5 ഒടിടിയും തത്സമയം സംപ്രേഷണം ചെയ്യും.
