വിവാഹമോ പരീക്ഷയോ ഏതാണ് വലുത്? എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനമെടുത്ത് രചന

A ritual in Indian Hindu Wedding. Bride and groom holding hands.സ്വകാര്യ ജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും ഇടയില്‍ നട്ടംതിരിയുന്നവരാണ് മിക്ക സ്ത്രീകളും. ഇതില്‍ ഏതിനാണ് ഒരു സ്ത്രീ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. എന്നാല്‍ വളരെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നവരുമുണ്ട്.
ഇത്തരത്തിലുള്ള ഒരു പ്രശ്‌നമാണ് രചന അല്ലൂരി എന്ന 24 കാരി നേരിടേണ്ടി വന്നത്. ഡിഎഡ് വിദ്യാര്‍ത്ഥിനിയാണ് രചന. രചനയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന അതേ ദിവസം തന്നെ അവളുടെ പരീക്ഷയും എത്തി.

പരീക്ഷ എഴുതണോ അതോ കല്ല്യാണം നടത്തണോ എന്നറിയാതെ രചനയും വീട്ടുകാരും കുഴങ്ങി. അവസാനം രചന തന്നെ തീരുമാനിച്ചു. രണ്ടും മാറ്റി വയ്ക്കുന്നില്ല. അങ്ങനെ വിവാഹ ദിവസം വധുവിന്റെ വേഷത്തില്‍ പരീക്ഷാഹാളിലെത്തിയ രചന പരീക്ഷ എഴുതി. പിന്നീട് നേരെ വിവാഹമണ്ഡപത്തിലേക്ക്. മുഹൂര്‍ത്തം അല്‍പ്പം മാറ്റിയെങ്കിലും വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുഗ്രഹാശിസുകളോടുകൂടി രചനയുടെ വിവാഹവും ഭംഗിയായി നടന്നു.

ആറ് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. വിവാഹത്തിന് മുമ്പ് പരീക്ഷ കഴിയും എന്നാണ് രചന വിചാരിച്ചിരുന്നത്. എന്നാല്‍ പരീക്ഷയുടെ ടൈംടേബിള്‍ വന്നപ്പോഴാണ് ഞെട്ടിയത്. കാരണം തന്റെ വിവാഹദിനത്തിന്റെ അന്ന് തന്നെ ഒരു പരീക്ഷയുമുണ്ട്. രാവിലെ ഒമ്പത് മുതല്‍ 12 വരെയായിരുന്നു പരീക്ഷാസമയം. പതിനൊന്നിനായിരുന്നു മുഹൂര്‍ത്തം. ഇതെങ്ങനെ ശരിയാകും എന്നോര്‍ത്ത് ഏറെ വിഷമിച്ചു. എന്നാല്‍ പ്രതിശ്രുതവരനും ഇരുകൂട്ടരുടെയും ബന്ധുക്കളും രചനയുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ട്‌നിന്നതിനാല്‍ എല്ലാം ഭംഗിയായി കലാശിച്ചതിന്റെ സന്തോഷത്തിലാണ് രചന.

Related posts