ഹൊറർ ചിത്രങ്ങൾക്ക് പുതുവഴി തുറന്ന് എസ്ര..

  മലയാള ചലച്ചിത്ര ലോകത്തിന് പുതുവഴി തുറക്കുകയാണ് എസ്ര. ഹൊറർ ചിത്രമെന്നാൽ തുടക്കം മുതൽ അവസാനം വരെ ഞെട്ടിപ്പിക്കുന്നതാവണമെന്നുള്ള രീതി മാറ്റിപ്പിടിക്കാൻ ധൈര്യം കാട്ടിയ സംവിധായകൻ ജെയ് കെ. കൃഷ്ണന്‍റെ തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. എസ്രയെന്ന ചിത്രത്തിന്‍റെ പുതുമയും ഈ മാറ്റം തന്നെയാണ്. ഭയപ്പെടുത്താനല്ല, മറിച്ച് അവതരണത്തിലെ പുതുമകൊണ്ട് ഞെട്ടിക്കാനാണ് സംവിധായകൻ ശ്രമിച്ചത്. പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ പൃഥ്വിരാജ് ചിത്രം എസ്രയും നെഞ്ചിലേറ്റുമെന്ന് ഉറപ്പ്.

എസ്ര പൂർണമായും സംവിധായകന്‍റെ സിനിമയാണ്. മനസിലുള്ള സ്വപ്നങ്ങൾക്ക് നിറംപകരുന്പോൾ കിട്ടുന്ന സുഖം സംവിധായകൻ ജെയ് കെ. നല്ലവണ്ണം ആസ്വദിച്ചപ്പോൾ മലയാളികൾക്ക് കിട്ടിയത് പരന്പരാഗത ഹൊറർ ചിത്രങ്ങളിൽ നിന്നുള്ള മോചനമാണ്. ഗൗരവമുള്ള കഥയ്ക്ക് ഒട്ടും ഗൗരവം ചോരാത്ത സിനിമാ ഭാഷ്യം രചിക്കുന്നതിൽ സംവിധായകൻ വിജയിച്ചപ്പോൾ പുതുമ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സധൈര്യം സമീപിക്കാവുന്ന ചിത്രമായി എസ്ര മാറുകയായിരുന്നു.

ക്രിസ്മസ് റിലീസായി എത്തേണ്ടിയിരുന്ന ചിത്രം വലിയ പ്രതീക്ഷാഭാരമാണ് ഉയർത്തിയിരുന്നത്. ആ പ്രതീക്ഷകളുടെ അകന്പടിയോടെ ചിത്രം തീയറ്ററിൽ ഭയം ജനിപ്പിക്കാനെത്തിയപ്പോൾ രഞ്ജൻ മാത്യു എന്ന യുവവ്യവസായിയുടെ വേഷം പൃഥ്വി പതിവു പോലെ തന്നെ മികച്ചതാക്കി. നായകൻ പൃഥ്വിയാണെങ്കിലും അണിയറയിലെ നായകൻ ഛായാഗ്രാഹകൻ സുജിത് വാസുദേവാണ്. ഹൊറർ ചിത്രത്തിന് വേണ്ടുന്ന ചേരുവകൾ അണുവിട ചോർന്നുപോകാതെ കാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാൻ സുജിത്ത് കാട്ടിയ മിടുക്ക് പ്രേക്ഷകരുടെ കണ്ണുകളെ ആവോളം രസിപ്പിക്കും.

ഹൊറർ ചിത്രമാണെങ്കിലും ആളുകളെ ഭീതിപ്പെടുത്തി ഇഷ്ടപ്പെടുത്താനല്ല സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. തുടക്കം മുതൽ പേടിക്കാൻ കാത്തിരുന്നവരെ സംവിധായകൻ തന്ത്രപൂർവം ഹൊറർ മൂഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രേക്ഷകന്‍റെ ചിന്തകൾക്ക് മുൻപ് തന്നെ കഥയിലേക്ക് കടന്ന് കാഴ്ചക്കാരനെ വരുതിയിലാക്കാനും സംവിധായകന് സാധിച്ചതോടെ ചിത്രത്തിന്‍റെ വേഗം കൂടാനും ആകാംക്ഷ വർധിക്കാനും തുടങ്ങി.

ഫ്രെയിമുകളുടെ മാന്ത്രിക വലയത്തിനകത്തേക്ക് ജൂതവിശ്വാസത്തിലൂന്നിയുള്ള കഥയെ കടത്തിവിട്ട് ഒട്ടും മുഷിപ്പിക്കാത്ത വിധത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. തെന്നിന്ത്യൻ താരം പ്രിയ ആനന്ദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പൃഥ്വിക്ക് ഇണക്കത്തിനൊത്തുള്ള നായികയായി പകത്വയാർന്ന അഭിനയമാണ് പ്രിയ ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. ചിത്രത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളെയും മുത്തുമാല പോലെ കോർത്തിണക്കാൻ കഴിഞ്ഞ സംവിധായകന്‍റെ മികവ് പ്രശംസനീയം തന്നെ. വിജയരാഘവനും ബാബു ആന്‍റണിയും സുജിത് ശങ്കറും ടോവിനോ തോമസും സുദേവ് നായരുമെല്ലാം ചിത്രത്തിലെ പെർഫെക്ട് കാസ്റ്റിംഗായിരുന്നു.

തമാശകളില്ലാത്ത ഹൊറർ ചിത്രമാണ് എസ്ര. ചിത്രത്തിന്‍റെ സീരിയസ് മൂഡിനെ ഒരുവിധത്തിലും ഹനിക്കുവാൻ സംവിധായകൻ തയാറായിട്ടില്ല. സംവിധായകന്‍റെ ഈ നിശ്ചയദാർഢ്യം തന്നെയാണ് എസ്ര എന്ന പുതുമനിറഞ്ഞ ചിത്രത്തിന്‍റെ വിജയവും. ചിത്രത്തിന്‍റെ തുടക്കം മുതൽ കണ്ടുവരുന്ന ഗൗരവഭാവം അവസാനം വരെ നിലനിർത്തി പോകുന്നുണ്ട്.

പ്രേതം ഇപ്പോഴെത്തും എന്നു തോന്നിപ്പിച്ച് പ്രേക്ഷകനെ മുന്നോട്ടുകൊണ്ടുപോവുകയാണ് ആദ്യ പകുതി. സിനിമയുടെ ഗൗരവ സ്വഭാവത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നതിന് സംവിധായകൻ സ്വീകരിച്ച തന്ത്രമാണിത്. ചിത്രത്തിന്‍റെ മൂഡിനൊത്ത പാട്ടുകൾ തന്നെയാണ് രാഹുൽ രാജ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതവും എഡിറ്റിംഗും കാമറയുമെല്ലാം ഒന്നിനൊന്ന് മികവ് പുലർത്തിയപ്പോൾ ചിത്രത്തിന്‍റെ ഒഴുക്കിനെ ഒരേ താളത്തിൽ കൊണ്ടുപോകാൻ സാധിച്ചു.

ഫ്ളാഷ് ബാക്കിലൂടെയാണ് രണ്ടാം പകുതിയിലെ കഥപറച്ചിലിന് സംവിധായകൻ ശ്രദ്ധിച്ചത്. ഉൗഹാപോഹങ്ങൾക്ക് അപ്പുറത്തു നിന്ന് ഞെട്ടിക്കാനുള്ള ശ്രമവും ഇതിനിടയിൽ കടന്നുവരുന്പോൾ ചിത്രം വീണ്ടും ഉദ്വേഗജനകമാകുന്നു. എസ്രയ്ക്ക് രണ്ടാം ഭാഗത്തിനുള്ള വാതിൽ തുറന്നിട്ട് ചിത്രം അവസാനിക്കുന്പോൾ പുതിയ കാഴ്ചകൾ സമ്മാനിക്കാൻ ഇതേ ടീം ഇനിയും വരുമെന്ന പ്രതീക്ഷയിൽ നിങ്ങൾക്ക് തീയറ്റർ വിടാം.

(അവകാശവാദങ്ങൾ ഒന്നുംതന്നെയില്ലാതെ എത്തിയ മികച്ച ചിത്രമാണ് എസ്ര)

വി.ശ്രീകാന്ത്

Related posts