ഇമ്മിണിബല്യ വണ്ണം കുറയ്ക്കാന്‍! 500 കിലോ ശരീരവുമായി ഇമാന്‍ ഈജിപ്തില്‍ നിന്നും മുംബൈയിലേക്ക് വണ്ടികയറുന്നു

Eman_Ahmed_100217

മുംബൈ: ശരീരവണ്ണം കുറയ്ക്കാന്‍ ആ പെണ്‍കുട്ടി ശനിയാഴ്ച മുംബൈയിലേക്ക് എത്തുകയാണ്. അമിതവണ്ണം എന്നു പറഞ്ഞാല്‍ ഇത് ഇത്തിരി ഇമ്മിണിബല്യവണ്ണമാണ്. 500 കിലോ ശരീരവുമായാണ് അവള്‍ ഈജിപ്തില്‍നിന്നും മുംബൈയിലേക്ക് വണ്ടികയറുന്നത്. ശരീരഭാരം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ ദുരിതത്തിനും അവസാനം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് 36 കാരിയായ ഇമാന്‍ അഹമ്മദ് മുംബൈയിലേക്ക് എത്തുന്നത്.

അമിതവണ്ണം കാരണം ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ സ്വദേശിനിയായ ഇമാന്‍ ലോകത്തിന്‍റെ ശ്രദ്ധനേടിയെങ്കിലും അതിലും വലിയ ദുരിതമാണ് അവള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി വീടിനു പുറത്തിറങ്ങാന്‍ പോലുമായിട്ടില്ല അവള്‍ക്ക്. മുംബൈയിലെ പ്രശസ്ത ഡോക്ടറായ മുഫാസല്‍ ലക്ദാവാലയും സഹപ്രവര്‍ത്തകരുമാണ് ഇമാന്‍റെ ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ മൂന്നു മാസമായി ഡോക്ടര്‍ ലക്ദാവാലയുടെ ചികിത്സയിലാണ് ഇമാന്‍.

കട്ടിലില്‍ അനങ്ങാന്‍പോലും കഴിയാത്ത ഇമാനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് വെല്ലുവിളിനിറഞ്ഞ പ്രവര്‍ത്തിയാണെന്ന് ഡോക്ടര്‍ ലക്ദാവാല പറഞ്ഞു. ഇമാനെ കിടത്താനായി പ്രത്യേകം തയാറാക്കിയ കട്ടില്‍ വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വെന്‍റിലേറ്റര്‍, ഡീഫൈബ്രിലേറ്റര്‍, ഓക്‌സിജന്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം വിമാനത്തില്‍ തയാറാക്കിയിട്ടുണ്ട്. ഇമാനൊപ്പം ഡോക്ടര്‍മാരുടെ ഒരു സംഘവും അനുഗമിക്കുന്നുണ്ട്. ഈജിപ്ത് എയര്‍ വിമാനത്തില്‍ സഹോദരി ഷൈമ അഹമ്മദും ഇമാനൊപ്പമുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ നാലിന് ഇവര്‍ മുംബൈയില്‍ എത്തും. മുംബൈ വിമാനത്താവളത്തില്‍ എത്തുന്ന ഇമാനെ പ്രത്യേകം തയാറാക്കിയ ട്രക്കിലാണ് ആശുപത്രിയിലേക്ക് എത്തിക്കുക. ട്രക്കിനെ ഒരു ആംബുലന്‍സും അനുഗമിക്കും. പൂര്‍ണ സുഖം പ്രാപിച്ചവളായി ഇമാന്‍ ഇന്ത്യവിടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Related posts