ആ നടന്‍ മോശം സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍ മറുപടി പറയുക എന്നത് എന്റെ ജോലിയല്ല! ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ യുവതിയുടെ പരാതിയ്ക്ക് സംവിധായകന്‍ സുനില്‍ ഇബ്രാഹിമിന്റെ മറുപടി

തന്റെ സിനിമയില്‍ അഭിനയിച്ച നടന്‍ ആര്‍ക്കെങ്കിലും മോശമായി സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍ അതിന് വിശദീകരണം നല്‍കേണ്ട ആവശ്യം തനിക്കില്ലെന്ന് സംവിധായകന്‍ സുനില്‍ ഇബ്രാഹിം. നടന്‍ യെഹിയ കാദര്‍ തനിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ വിനീത് സീമ വെളിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സുനില്‍. സുനില്‍ സംവിധാനം ചെയ്ത വൈ എന്ന സിനിമയില്‍ യെഹിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സീമയുടെ പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ വിഷയത്തെക്കുറിച്ച് തന്നോട് പലരും ചോദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുനില്‍ പറയുന്നു.

#Y എന്ന സിനിമയിലൂടെ ഞങ്ങള്‍ നാല്പതില്‍ അധികം പുതുമുഖങ്ങളെയാണ് ഓഡിഷനിലൂടെ കൊണ്ട് വന്നത്. അവര്‍ എല്ലാവരും തന്നെ വളരെ കഴിവുള്ള കലാകാരന്മാര്‍ ആണെന്ന് സിനിമ കാണുമ്പോള്‍ മനസിലാവും എന്നെനിക്കുറപ്പുണ്ട്! ഒരു സംവിധായകന്‍ എന്ന നിലയില്‍ ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. അതിനപ്പുറം അതില്‍ ഏതെങ്കിലും ഒരാളുടെ വ്യക്തി ജീവിതത്തില്‍ തലയിടാണോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കാനോ എനിക്കൊട്ടും താല്‍പര്യമില്ല. അതിന്റെ ആവശ്യം ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല.

ഈ സിനിമയിലെ ഒരു അഭിനേതാവ് ആരോടോ മോശമായി ചാറ്റ് ചെയ്തു എന്ന പേരില്‍ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ ഇന്നലെ മുതല്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തതായും അറിയുന്നു. ആ സ്‌ക്രീന്‍ ഷോട്ടില്‍ തന്നെ നോക്കുമ്പോള്‍ 2016 ആദ്യ മാസങ്ങളില്‍ ആണ് ഈ ചാറ്റിംഗ് നടന്നത് എന്ന് കാണാം. എന്ത് കൊണ്ടാണ് അത് ഇപ്പോള്‍ മാത്രം പുറത്ത് വന്നത് എന്നറിയില്ല.

വിഷയത്തിലെ തെറ്റും ശരിയും ചര്‍ച്ച ചെയ്യാനല്ല എന്റെ ഈ പോസ്റ്റ്. ഇതൊക്കെ ഉള്ളതാണെങ്കിലും അല്ലെങ്കിലും ഇങ്ങിനെ എന്തെങ്കിലും കിട്ടിയാലുടന്‍ സ്വയം ‘നല്ലകുട്ടി’ ചമഞ്ഞു ഓണ്‍ലൈന്‍ തെറിവിളി നടത്താനും അന്വേഷണം നടത്തി കുറ്റം തെളിയിക്കാനുമൊന്നും എനിക്ക് നേരമില്ല.

പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, പക്ഷെ ഈ കാര്യം അന്വേഷിച്ചു കൊണ്ടു വരുന്ന സുഹൃത്തുക്കളുടെ മെസ്സേജുകള്‍ക്ക് മറുപടിയായി കാണുക. ഈ വിഷയത്തില്‍ ഈ നിലയത്തില്‍ നിന്നും കൂടുതല്‍ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല!

 

Related posts