സ്വയം നിര്‍മ്മിച്ച ഭാഷ ഉപയോഗിച്ച് റോബോട്ടുകള്‍ ആശയവിനിമയം നടത്തിയതായി കണ്ടെത്തി! ഫേസ്ബുക്ക് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതി(Facebook AI Research) നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

ലോകം നേരിടാനിരിക്കുന്ന പ്രധാനഭീഷണി റോബോട്ടുകളില്‍ നിന്നാണെന്ന ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ മുന്നറിയിപ്പ് യാഥാര്‍ഥ്യമാകുന്നു. നിയന്ത്രണം നഷ്ടപ്പെട്ടെന്ന ഭീതിയെ തുടര്‍ന്ന് ഫേസ്ബുക്ക് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതി(Facebook AI Research) നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ റോബോട്ടുകള്‍ സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇംഗ്ലീഷ് അല്ലാതെ സ്വയം കണ്ടെത്തിയ ഭാഷ ഉപയോഗിച്ച് റോബോട്ടുകള്‍ ആശയവിനിമയം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ടെക് ലോകത്തെ ആശങ്കപ്പെടുത്തുന്നത്. റോബോട്ടുകള്‍ തമ്മില്‍ ആശയവിനിമയത്തിനുപയോഗിച്ച ഭാഷ മനുഷ്യര്‍ക്ക് മനസിലാകുന്നില്ലെന്നതും ആശങ്കയുടെ ആഴം വര്‍ധിപ്പിച്ചു.

സ്റ്റീഫന്‍ ഹോക്കിംങും ടെസ്‌ല സിഇഒ എലോണ്‍ മസ്‌കും അടക്കമുള്ളവര്‍ നേരത്തെ തന്നെ കൃത്രിമബുദ്ധിശക്തി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ മനുഷ്യരാശിക്ക് വലിയ ഭീഷണിയാണെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളവരാണ്. ഇംഗ്ലീഷില്‍ നിന്നും സ്വന്തം കോഡുകള്‍ ഉപയോഗിച്ചുള്ള ഭാഷയില്‍ റോബോട്ടുകള്‍ ആശയവിനിമയം നടത്തുന്നത് ശ്രദ്ധയില്‍ പെട്ട വിവരം ഫേസ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകന്‍ ധ്രുവ് ബത്ര തന്നെ സമ്മതിച്ചിട്ടുണ്ട്. മനുഷ്യര്‍ എങ്ങനെയാണോ ഷോട്ട് ഹാന്‍ഡുകളുപയോഗിച്ച് ആശയവിനിമയം നടത്തുന്നത് അതുപോലെയാണ് റോബോട്ടുകള്‍ സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്തുന്നതെന്നാണ് ധ്രുവ് ബത്ര പറഞ്ഞത്. തങ്ങളുടെ ഉപഭോക്താക്കളുമായി സംവദിക്കുന്നതിന് ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള കമ്പനികള്‍ നേരത്തെ തന്നെ റോബോട്ടുകളുടെ സഹായം തേടിയിരുന്നു.

മനുഷ്യരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും വിവരങ്ങള്‍ നല്‍കുന്നതിനും റോബോട്ടുകളെ ഉപയോഗിക്കുകയെന്നതായിരുന്നു പദ്ധതി. ഇത്തരത്തിലുള്ള ഫേസ്ബുക്കിന്റെ FAIR(Facebook AI Research) പദ്ധതിയാണ് റോബോട്ടുകള്‍ സ്വന്തം ഭാഷ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിയിരിക്കുന്നത്. നേരത്തെ ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും ടെസ്ല സിഇഒ എലോണ്‍ മസ്‌കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ചൊല്ലി പരസ്യ സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്തിനേയും എതിര്‍ക്കുന്നയാളാണ് എലോണ്‍ മസകെന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞത്. റോബോട്ടുകള്‍ തെരുവിലിറങ്ങി മനുഷ്യരെ കൊല്ലുന്നതു വരെ നിങ്ങള്‍ പ്രതികരിക്കാതിരിക്കുമെന്നായിരുന്നു എലോണ്‍ മസ്‌കിന്റെ പ്രതികരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രയോഗമാണ് നടക്കുന്നതെന്നും സുക്കര്‍ബര്‍ഗിനെ ലക്ഷ്യമിട്ട് എലോണ്‍ മസ്‌ക് പറഞ്ഞിരുന്നു.

 

Related posts