ഈ മുഖങ്ങളില്‍ നോക്കി പറ്റിച്ചിട്ട് പോകാന്‍ എങ്ങനെ മനസുവന്നു? സോഷ്യല്‍മീഡിയയിലെ ചര്‍ച്ച ഗുണം ചെയ്തു; ഫാന്‍സി നോട്ടിലൂടെ കബളിപ്പിക്കപ്പെട്ട വയോധികര്‍ക്ക് സഹായവുമായി പ്രവാസി യുവാവ്

വയോധികരായ മൂന്ന് ലോട്ടറി വില്‍പ്പനക്കാരെ ഫാന്‍സി നോട്ടുകള്‍ നല്‍കി കബളിപ്പിച്ചത് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയകളിലടക്കം വലിയ വാര്‍ത്തയായിരുന്നു. 4000 രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. ഫാന്‍സിനോട്ടുകള്‍ നല്‍കിയും ടിക്കറ്റിലെ അക്കങ്ങള്‍ ചുരണ്ടിമാറ്റിയുമാണ് ലോട്ടറിവില്‍പ്പനക്കാരെ കബളിപ്പിച്ചത്. വയോധികരായ ലോട്ടറിത്തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്നത് ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായിരിക്കുകയാണ്.

പുറക്കളത്തുവച്ചാണ് രണ്ട് ലോട്ടറി വില്‍പ്പനക്കാര്‍ തട്ടിപ്പിനിരയായത്. ആമ്പിലാട്ടെ മാണിയത്ത് ബാലനെ നാല് 500 ന്റേതെന്ന് തോന്നിപ്പിക്കുന്ന ഫാന്‍സി നോട്ടുകള്‍ നല്‍കിയാണ് കബളിപ്പിച്ചത്. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവ് നാല് ടിക്കറ്റ് എടുത്തശേഷം വ്യാജനോട്ടുകള്‍ നല്‍കി ബാക്കി 1880 രൂപ കൈക്കലാക്കി. ഏതാനും ദിവസം മുന്‍പ് ആമ്പിലാട് സ്വദേശി ചക്കര ചാത്തുവിനെയും സമാനരീതിയില്‍ കബളിപ്പിച്ചിരുന്നു. മൂന്ന് ലോട്ടറി ടിക്കറ്റുകള്‍ ഉള്‍പ്പെടെ ആയിരം രൂപ ചാത്തുവിന് നഷ്ടമായത്. പുറക്കളം പെട്രോള്‍പമ്പിനടുത്തുെവച്ചാണ് രണ്ടു തട്ടിപ്പുകളും നടന്നത്.

മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളത്തെ സിജിലാണ് വയോധികര്‍ക്ക് നഷ്ടപ്പെട്ട തുക നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. പ്രസ്തുത വിഷയത്തില്‍ സോഷ്യല്‍മീഡിയയിലും സജീവ ചര്‍ച്ചയാണ് നടന്നത്. ഈ അവസ്ഥയിലുള്ള വയോധികരുടെ മുഖത്തുനോക്കി എങ്ങനെ പറ്റിച്ചിട്ട് പോകാന്‍ തോന്നി, അവര്‍ക്ക് അതുകൊണ്ട് എന്ത് മേന്മയാണ് ലഭിക്കാന്‍ പോവുന്നത് എന്നൊക്കെ പലരും ചോദിക്കുകയും ചെയ്തിരുന്നു.

 

Related posts