വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനെ സുന്ദരിയാക്കുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ ചെടിച്ചട്ടിവച്ച് മുള്ളുള്ള ചെടി വളർത്തുമ്പോൾ അതിന്റെ സംരക്ഷണവും നടപ്പാതയിലൂടെ ആളുകൾക്ക് നടന്നു പോകാനുള്ള സൗകര്യവും കൂടി ഉറപ്പാക്കണമെന്നാണാവശ്യം.
ടൗണിൽ നടപ്പാതകളുടെ കൈവരികളിലാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചിട്ടുള്ളത്. ചട്ടികളിലെല്ലാം നട്ടിട്ടുള്ളത് തണ്ടുകളിൽ മുള്ളുകളുള്ള ബൊഗൈൻവില്ല ആയതിനാൽ ഇടയ്ക്കിടെ തണ്ടുകൾമുറിച്ച് കുറ്റിച്ചെടിപോലെ നിർത്തണം.
നല്ല വെയിൽ കിട്ടുമ്പോഴാണ് ബൊഗൈൻവില്ലയിൽ പൂക്കൾ നിറയുക. അതിന് തണ്ടുകൾ വളരണം. എന്നാൽ ഇടുങ്ങിയ നടപ്പാതകളിൽ അതിന് അനുവദിച്ചാൽ പിന്നെ ആളുകൾക്ക് നടന്നു പോകാനാകില്ല.
നടപ്പാത കൈയേറി സാധനങ്ങൾ വയ്ക്കുന്നതും നടപ്പാതയിലെ കച്ചവടങ്ങളും പ്രശ്നമാണ്. ഒരു ഭാഗത്ത് മുള്ളുള്ള ചെടികളും മറുവശത്ത് കടയിലെ സാധനങ്ങളുമായി വീതി കുറഞ്ഞ നടപ്പാത വീണ്ടും ഇടുങ്ങി ചെറുതായി.
ഇതിനിടയിലൂടെ വേണം ആളുകൾക്ക് എവിടേയും തട്ടാതെ നടന്നു പോകാൻ.ഇത്രയേറെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചിട്ടുള്ള നടപ്പാതകൾ യാത്രക്കാർക്ക് സൗകര്യമായി നടന്നു പോകാൻ സൗകര്യപ്പെടുത്തണമെന്ന ആവശ്യമാണ് ശക്തമായുള്ളത്. കൈവരികളിൽ 470 ചെടിച്ചട്ടികൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്ക്.
