കൊല്ലം: അയൽക്കാരന്റെ ഒരേക്കർ പാഴ്ഭൂമി പാട്ടത്തിനെടുത്ത് സൃഷ്ടിച്ചതു പച്ചക്കറിവിപ്ലവം, ഒപ്പം ചെണ്ടുമല്ലി കൃഷിയും. കിളികൊല്ലൂർ എം.ജി നഗർ 87 മാധവമന്ദിരത്തിൽ എം.സജീവാണ് (55) കൃഷിക്കാരൻ. ഇദ്ദേഹം എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ കൗൺസിലറും എസ്എൻ ട്രസ്റ്റ് ബോർഡ് അംഗവുമാണ്. 80 സെന്റിൽ ഒട്ടുമിക്ക പച്ചക്കറികൾക്കും പുറമേ ചെണ്ടുമല്ലിയും ഭംഗി വിതറി നിറഞ്ഞു നിൽക്കുന്നു.
വീട്ടാവശ്യങ്ങൾക്ക് മാത്രം പച്ചക്കറി കൃഷി ചെയ്തിരുന്ന സജീവ് വിഷരഹിതമായ ജൈവപച്ചക്കറി നാട്ടുകാർക്കും ലഭ്യമാക്കണം എന്ന ചിന്തയോടെയാണ് ഭൂമി ഏറ്റെടുത്തത്. വഴുതന, പാലക്ക്ചീര, മുളക്,റാഡിഷ്,തക്കാളി എന്നിവ തുടക്കത്തിൽ നട്ടു. അന്ന് കിളികൊല്ലൂർ കൃഷി ഓഫീസറായിരുന്ന പ്രീതയായിരുന്നു പ്രോത്സാഹനം. വിജയിച്ചതോടെ കാബേജും കോളിഫ്ലവറും ചീരയും തക്കാളിയും പച്ചമുളകുമൊക്കെ രംഗത്തിറങ്ങി. പതിയെ ചെണ്ടുമല്ലിയും വന്നു.
1000 മൂട് ചെണ്ടുമല്ലിയാണ് വിളവെടുപ്പിനു പാകമായി നിൽക്കുന്നത്. പലചരക്ക് കട നടത്തിപ്പിനും യൂണിയൻ പ്രവർത്തനങ്ങൾക്കുമിടയിൽ രാവിലെയും വൈകിട്ടും സജീവ് പച്ചക്കറി തോട്ടത്തിലുണ്ടാവും. രാവിലെ ഏഴോടെ കൃഷി സ്ഥലത്തേക്കു പോകും.
10 ന് നേരെ കടയിലേക്ക്. വൈകുന്നേരം 3.30 മുതൽ ആറുവരെ വീണ്ടും കൃഷിയിടത്തിൽ. സുഹൃത്ത് മഞ്ജുലാലിന്റെ ഫാമിൽ നിന്നുള്ള കോഴിവളവും പരിചയക്കാരനായ സുബിൻ എത്തിക്കുന്ന ചാണകവുമാണ് പ്രധാന വളം. കോർപ്പറേഷന്റെ ഉൾപ്പെടെ മികച്ച കർഷകനുള്ള അവാർഡും ജില്ലാതല അവാർഡും സജീവിനെ തേടിയെത്തിയിട്ടുണ്ട്.
കിളികൊല്ലൂരിലെ ഇക്കോഷോപ്പിലായിരുന്നു ആദ്യകാല വില്പന. പിന്നീട് സമീപത്തുള്ളവരെ ചേർത്ത് ‘ജൈവകൃഷി’ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു വില്പന തുടങ്ങി. കൃഷിയുമായി ബന്ധപ്പെട്ട മറ്റു ഗ്രൂപ്പുകളിലൂടെയും വില്പന ആരംഭിച്ചു. ക്യുഎസി റോഡിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പിലും പച്ചക്കറികൾ കൊടുക്കാറുണ്ട്.
എല്ലാ ദിവസവും ഏതെങ്കിലും ഒരു ഇനമെങ്കിലും വിളവെടുക്കാൻ കഴിയുന്നുണ്ടെന്നു സജീവ് പറയുന്നു.ഭാര്യ ഉഷസ്, മക്കളായ എബിൻ,ആർച്ച എന്നിവരും കൃഷിക്ക് പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്. ദിവസവും കുറഞ്ഞത് 1000 രൂപയുടെ ജൈവപച്ചക്കറി വിൽക്കുന്നുമുണ്ട്.
