കോട്ടയം: വി.ഡി. സതീശന് മന്ത്രിസഭയില്‍ കോട്ടയത്തുനിന്നു നാലു മന്ത്രിമാരെങ്കിലുമുണ്ടായേക്കും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ചര്‍ച്ചകള്‍ ഈ രീതിയിലാണ് മുന്നോട്ടുപോകുന്നത്. മുഴുവന്‍ സീറ്റിലും വിജയം നേടി ഒപ്പം നിന്ന ജില്ലയ്ക്ക് മന്ത്രിസഭയിൽ അർഹമായ പരിഗണന നൽകാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യുഡിഎഫിന്റെയും തീരുമാനം.
കോണ്‍ഗ്രസിലെയും എംഎല്എമാരിലെയും സീനിയറായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ഒന്നാം സ്ഥാനം കല്പ്പിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെങ്കില്‍ ആഭ്യന്തരം, ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളിലൊന്നു തിരുവഞ്ചൂരിന് ലഭിച്ചേക്കും. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. സ്പീക്കര്‍ സ്ഥാനത്തോടും തിരുവഞ്ചൂര്‍ സമ്മതം മൂളിയതായാണ് അറിവ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖന്. യുവജനകാര്യം, സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചാണ്ടി ഉമ്മനു ലഭിച്ചേക്കും. സമുദായ പരിഗണനയിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന് എന്ന നിലയിലും ചാണ്ടി ഉമ്മനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഉന്നത കേന്ദ്രങ്ങള്‍ പറയുന്നത്.
ഘടകകക്ഷികളില്‍ ലീഗ് കഴിഞ്ഞാല്‍ എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവു കൂടിയായ മോന്‍സ് ജോസഫ് മന്ത്രിയാകുമെന്നുറപ്പാണ്. രണ്ടാമത് ഒരു മന്ത്രിസ്ഥാനം, കാബിനറ്റ് പദവി ഇക്കാര്യങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. പൊതുമരാമത്ത്, റവന്യു വകുപ്പുകളാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതില്‍ പൊതുമരാമത്ത് വകുപ്പ് ലീഗിന്റെ വകുപ്പാണ്. ഇതു വിട്ടുനല്‍കാന്‍ ലീഗ് തയാറാകില്ല. അങ്ങനെ വന്നാല്‍ റവന്യു വകുപ്പാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.കെ.എം. മാണിയും പി.ജെ. ജോസഫും കൈകാര്യം ചെയ്ത വകുപ്പെന്ന നിലയിലാണ് റവന്യു കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. റവന്യു വകുപ്പിനൊപ്പം നിയമം ഉള്‍പ്പെടെയുള്ള ഏതെങ്കിലും ചെറു വകുപ്പുകള്‍ വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഇതിനു സമ്മതം നല്‍കിയിട്ടില്ല.
മന്ത്രിസ്ഥാനത്തേക്ക് ഒരംഗമുള്ള പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് അറിയുന്നത്. അങ്ങനെവന്നാല്‍ പാലാ എംഎല്‍എ മാണി സി. കാപ്പനും മന്ത്രിയാകും. ടേം വ്യവസ്ഥ വേണ്ടന്ന നിലപാടിലാണ് യുഡിഎഫ്. ടൂറിസം, സാംസ്കാരികം, സിനിമ, വനം തുടങ്ങിയ വകുപ്പുകളിലൊന്ന് മാണി സി. കാപ്പനു ലഭിക്കുമെന്നാണ് സൂചന.
