14 വയസ്സില്‍ താഴെയുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി ! 25 വയസില്‍ താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധനോപാധികള്‍ സൗജന്യമാക്കി ഫ്രാന്‍സ്…

നിര്‍ണായക തീരുമാനവുമായി ഫ്രഞ്ച് സര്‍ക്കാര്‍.അടുത്ത വര്‍ഷം മുതല്‍ ഫ്രഞ്ച് യുവതികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധനാമാര്‍ഗങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ ആരോഗ്യ മന്ത്രി.

25 വയസ്സിന് താഴെയുള്ളവര്‍ക്ക് മെഡിക്കല്‍ അപ്പോയിന്റ്മെന്റുകള്‍, ടെസ്റ്റുകള്‍, അല്ലെങ്കില്‍ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് പണം ഈടാക്കില്ലെന്ന് ഒലിവിയെ വേര പറയുന്നു.

‘ഇത് ഗര്‍ഭനിരോധനം, അതുമായി ബന്ധപ്പെട്ട പരിശോധനകള്‍, ഗര്‍ഭനിരോധനത്തിന്റെ കുറിപ്പടി തുടങ്ങി, 25 വയസ്സ് വരെ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട എല്ലാ പരിചരണങ്ങളും ഉള്‍ക്കൊള്ളുന്നു’ എന്ന് ഫ്രാന്‍സ് 2 ന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വലിയ ചിലവ് മൂലം നിരവധി സ്ത്രീകള്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുന്നു. പണമില്ലാത്തതു കൊണ്ട് ആരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ലയെന്നും വേര പറയുന്നു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ 25 എന്നൊരു പ്രായപരിധി തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോള്‍, ഇത് കൂടുതല്‍ ആളുകള്‍ സ്വതന്ത്രമായി നില്‍ക്കുന്ന പ്രായവുമായി ബന്ധപ്പെട്ടതാണെന്നും 25 -ല്‍ ആളുകള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ‘മ്യൂട്ടുവെല്‍’ എന്ന കോംപ്ലിമെന്ററി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാലാണ് ഇത് എന്നും വാരന്‍ പറയുന്നു.

പല സ്ത്രീകളും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുന്ന പ്രായവും ഇതുതന്നെയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ചെലവേറിയതായതു കൊണ്ടാണ് പല സ്ത്രീകളും അമ്മയാവുന്നത് എന്നും അദ്ദേഹം പറയുന്നു.

ഗുളിക, ഐയുഡി ഉപകരണങ്ങള്‍, ഗര്‍ഭനിരോധന ഇംപ്ലാന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ നടപടിക്ക് ഫ്രാന്‍സിന്റെ ആരോഗ്യ സംവിധാനമായ അഷ്വറന്‍സ് മാലാഡിക്ക് പ്രതിവര്‍ഷം 21 മില്യണ്‍ പൗണ്ട് ചിലവാകും എന്നാണ് കരുതുന്നത്.

2013 മുതല്‍ 15 -നും 18 -നും ഇടയില്‍ പ്രായമുള്ളവര്‍ക്കും 2020 ആഗസ്റ്റ് മുതല്‍ 15 വയസ്സിന് താഴെയുള്ളവര്‍ക്കും ഫ്രാന്‍സില്‍ ഗര്‍ഭനിരോധനം സൗജന്യമായിരുന്നു. ഇത് ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്.

ഫ്രാന്‍സില്‍ 12 -നും 14 -നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്നും അതില്‍ 770 പേര്‍ ഗര്‍ഭച്ഛിദ്രം നേരിടേണ്ടി വന്നുവെന്നും സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യ ഗര്‍ഭനിരോധനം വാഗ്ദാനം ചെയ്തതിനാല്‍, ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2012ല്‍ 1000 ഗര്‍ഭിണികള്‍ക്ക് 9.5 -ല്‍ നിന്ന് 2018ല്‍ ആറിലേക്ക് ഗര്‍ഭച്ഛിദ്രം കുറഞ്ഞിരുന്നു എന്നും കണക്കുകള്‍ പറയുന്നു.

ഈ പുതിയ തീരുമാനം ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം വീണ്ടും കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

Related posts

Leave a Comment