അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ജനകീയ സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പതിച്ചു. ചിഹ്നമില്ലാതെയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട അഞ്ചു വർഷങ്ങളുടെ വികസന നഷ്ടം നികത്താൻ എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകളിറങ്ങിയിരിക്കുന്നത്.
യുഡിഎഫ് പിന്തുണയോടെയാണ് ഈ തെരഞ്ഞെടുപ്പിൽ സുധാകരൻ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് മത്സരരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുധാകരൻ മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു ജനവിധി തേടിയിരുന്നത്.
എന്നാൽ, ഇതാദ്യമായാണ് ചിഹ്നം ഏതെന്ന് അറിയാതെ പോസ്റ്ററുകൾ രംഗത്തുവരുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായതിനാൽ സുധാകരനുള്ള ചിഹ്നം പിന്നീടായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുക. ഇതിനുശേഷം ചിഹ്നം കൂടി ഉൾപ്പെടുത്തി പോസ്റ്ററുകൾ എത്തും.
