അഞ്ചല്: ഏരൂരില് ഗ്യാസ് സിലിണ്ടര് തുറന്നുവിട്ട് തീ കൊളുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ചില്ലിങ്പ്ലാന്റ് മംഗലത്തറ വീട്ടില് വിനോദ് (52) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ വിനോദ് വീട്ടില് വഴക്കിടുകയും വീട്ടുപകരണങ്ങള് നശിപ്പിക്കുകയും ചെയ്തു.
മുറിക്കുള്ളിലായിരുന്ന ഭാര്യ ലതയും മരുമകളും ആദ്യം ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. എന്നാല് അടുക്കളയ്ക്ക് സമീപം ശബ്ദം കേട്ട് മരുമകള് പുറത്തിറങ്ങിയതോടെയാണ് ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് മുറിച്ച് മാറ്റുന്നത് ശ്രദ്ധയില്പ്പെട്ടത്. പെട്ടെന്നു ലതയേയും കുഞ്ഞിനെയും കൊണ്ട് മരുമകള് പുറത്തിറങ്ങുകയായിരുന്നു.
വിവരമറിഞ്ഞു ഏരൂര് പോലീസ് പാഞ്ഞെത്തിയപ്പോഴേക്കും വിനോദ് തീകൊളുത്തിയിരുന്നു. ഇതിനിടെ പോലീസ് അറിയിച്ചതിനെ തുടര്ന്നു പുനലൂരില്നിന്നു ഫയര് ഫോഴ്സും സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനൊടുവില് തീ കെടുത്തി മുന്വശത്തെ കതക് പൊളിച്ച് ഫയര് ഫോഴ്സും പോലീസ് സംഘവും വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് മറ്റൊരു മുറിക്കുള്ളില് വിനോദിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. തീകെടുത്താന് ശ്രമിക്കുന്നതിനിടെ ശ്യാം എന്ന പോലീസുകാരന് പൊള്ളലേറ്റിട്ടുണ്ട്.
അടുക്കളയില്നിന്നു ഗ്യാസ് സിലിണ്ടര് എടുത്ത് കിടപ്പ് മുറിയില് എത്തിച്ച ശേഷമാണ് തീ കൊളുത്തിയത്. വീടും വീട്ടുപകരണങ്ങളും പൂര്ണമായും നശിച്ചു. ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചതിനെ തുടര്ന്നു സമീപത്തെ വീടുകള്ക്കും തകരാര് സംഭവിച്ചിട്ടുണ്ട്. ഏരൂര് പോലീസ് മേല്നടപടികള് സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലതയാണ് ഭാര്യ. വിഷ്ണു വിനീത് എന്നിവര് മക്കളാണ്.