ഇഷ്ടമുള്ള കോഴ്‌സിന് ചേരാന്‍ അനുവദിക്കാതെ പിതാവ് സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വയ്ക്കുന്നു! പരാതിയുമായി പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍

പ്ലസ്ടു കഴിഞ്ഞ തനിക്ക് ഇഷ്ടപ്പെട്ട കോഴ്‌സിന് ചേരാന്‍ മാതാപിതാക്കള്‍ അനുവാദം നല്‍കുന്നില്ലെന്ന് പരാതിയുമായി പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍. പോലീസിന്റെ മധ്യസ്ഥതയില്‍ പിതാവ് മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കുകയും ചെയ്തു.

തിരുവള്ളൂര്‍ വേപ്പംപെട്ട് പോലീസ് സ്റ്റേഷനിലാണു അസാധാരണ പരാതിയെത്തിയത്. പരാതികള്‍ അറിയിക്കുന്നതിനുള്ള പോലീസ് വാട്‌സ്ആപ്പ് നമ്പരിലാണു പെണ്‍കുട്ടി വിവരങ്ങള്‍ അറിയിച്ചത്. ‘ഞാന്‍ പ്ലസ്ടു പാസായി. എന്റെ പിതാവ് ബിഎസ്സി ഫിസിക്‌സിനോ കെമിസ്ട്രിക്കോ ചേരാന്‍ എന്നെ നിര്‍ബന്ധിക്കുന്നു. എന്നാല്‍, എനിക്കിഷ്ടം ബിഎ പത്രപ്രവര്‍ത്തനത്തിനോ എല്‍എല്‍ബിക്കോ ചേരാനാണ്. ഇതില്‍ ഇടപെട്ടു പരിഹാരമുണ്ടാക്കണം.’

പരാതി ശ്രദ്ധയില്‍പ്പെട്ട പോലീസ് രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ, കുട്ടി ചൈല്‍ഡ് ഹെല്‍പ്ലൈനില്‍ പരാതി നല്‍കി. പരാതിയില്‍ ഇടപെട്ടു പരിഹാരമുണ്ടാക്കാന്‍ ഹെല്‍പ്ലൈന്‍ പോലീസിനു നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും മാസങ്ങള്‍ക്കു മുന്‍പു വിവാഹ മോചനം നേടിയതാണ്. കുട്ടി അമ്മയ്‌ക്കൊപ്പമാണു താമസം. വീട്ടില്‍ നിന്നു മാറിത്താമസിക്കുമ്പോള്‍ അച്ഛന്‍ മകളുടെ പത്താംക്ലാസ് മാര്‍ക്ക് ലിസ്റ്റുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുപോയിരുന്നു.

ആവശ്യമാകുമ്പോള്‍ തിരിച്ചുതരാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍, താന്‍ പറയുന്ന കോഴ്‌സിനു ചേരാന്‍ തയാറായില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കില്ലെന്നു ഇപ്പോള്‍ വാക്കു മാറ്റിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പോലീസ് ബന്ധപ്പെട്ടതോടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

Related posts