അഞ്ഞൂറാന്‍ എന്ന പേര് എന്തുകൊണ്ട് ചിത്രത്തിനിട്ടില്ല! അഞ്ഞൂറാന്‍ എന്ന പേര് കിട്ടിയതെങ്ങനെ; വര്‍ഷങ്ങളായി ആരാധകര്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ആ ചോദ്യത്തിന് സിദ്ദിഖ്-ലാല്‍ ഉത്തരം പറയുന്നു

ചിത്രമിറങ്ങി, കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്ന ഒരു കഥാപാത്രമാണ് ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ അഞ്ഞൂറാന്‍. മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ എന്‍ എന്‍ പിള്ള അവതരിപ്പിച്ച അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിനായിരുന്നു മുന്‍തൂക്കമെങ്കിലും ചിത്രത്തിന് അഞ്ഞൂറാന്‍ എന്ന് പേര് വരാത്തതെന്തുകൊണ്ടാണെന്നും അതേസമയം ആ കഥാപാത്രത്തിന് അഞ്ഞൂറാന്‍ എന്ന പേര് എങ്ങനെ വന്നു എന്നതുമൊക്കെ ആളുകള്‍ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്. അതേക്കുറിച്ച് ചിത്രത്തിന്റെ ഉടയവരായ സിദ്ദിഖും ലാലും പറയുന്നതിങ്ങനെയാണ്.

സ്‌ക്രിപ്റ്റ് തയ്യാറാക്കുന്ന സമയത്ത് ഇത് ശരിയാവില്ല എന്ന് പറഞ്ഞ് എത്ര ചവച്ചാലും അരയാത്ത ഇറച്ചിക്കഷണം പോലെ മാറ്റി വയ്ക്കപ്പെട്ട തിരക്കഥയായിരുന്നു ഗോഡ്ഫാദറിന്റേത്. എല്ലാ തടസ്സങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അവസാനം പ്രഖ്യാപിച്ച് 1991 നവംബര്‍ 15 ന് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ഹിറ്റ് സംഭവിക്കുകയായിരുന്നു. അഞ്ഞൂറാന്‍, മക്കളായ ബലരാമന്‍, പ്രേമചന്ദ്രന്‍, സ്വാമിനാഥന്‍, രാമഭദ്രന്‍ എതിരാളികളായ ആനപ്പാറയിലെ അച്ചാമ്മയും കുടുംബവും അങ്ങനെ എല്ലാവരും ഇന്നും മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ്. ഒരുപാട് ചിരിപ്പിച്ച കരയിപ്പിച്ച അംഗങ്ങള്‍. എന്തുകൊണ്ട് സിനിമയുടെ പേര് അഞ്ഞൂറാന്‍ എന്നാക്കിയില്ല ഈ സംശയം സ്വാഭാവികം മാത്രം.

അതേസമയം സിദ്ദിഖും ലാലും ഇംഗ്ലീഷ് ടൈറ്റിലുകളുടെ ആരാധകരാണ് എന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. ഗോഡ്ഫാദര്‍ എന്ന പേരും കഥയുമായി എന്‍.എന്‍ പിള്ളയുടെ അടുത്ത് പോയപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതും ആ ഇംഗ്ലീഷ് ടൈറ്റില്‍ തന്നെയായിരുന്നു. കഥാപാത്രത്തിന്റെ പേര് സിനിമയ്ക്കിടാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം താരങ്ങളും. അത്തരത്തിലൊരു അവസരം കിട്ടിയിട്ടുപോലും അത് വേണ്ടെന്ന് വച്ച ലാളിത്യത്തിനുടമയാണ് എന്‍.എന്‍. പിള്ള. തിരക്കഥ എഴുതുമ്പോള്‍ സംവിധായകന്‍ സിദ്ദിഖിന് ഒരു ശീലമുണ്ട്. മലയാള നിഘണ്ടു ശബ്ദതാരാവലി എപ്പോഴും അടുത്ത് വച്ചിരിക്കും.

ഇടയ്ക്കിടയ്ക്ക് എഴുതി മുഷിയുമ്പോള്‍ മുന്നേ പോയവര്‍ എഴുതിവച്ച വാക്കുകള്‍ വെറുതെ ഒന്ന് പരതി നോക്കും. അങ്ങനെ ശബ്ദതാരാവലിയുടെ ഏടുകള്‍ മറിച്ചപ്പോഴാണ് ‘അഞ്ഞൂറ്റിക്കാര്‍’ എന്ന വാക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അര്‍ഥം നോക്കിയപ്പോള്‍ സെന്റ് തോമസ് കേരളത്തില്‍ വന്ന് ആദ്യമായി അഞ്ഞൂറ് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കി. അവരെയാണ് അഞ്ഞൂറ്റിക്കാര്‍ എന്ന് വിളിക്കുന്നത്. ഈ വാക്കില്‍ ഒരു രസം കണ്ടെത്തി തിരക്കഥയിലേയ്ക്ക് മുഴുകിയപ്പോള്‍ അഞ്ഞൂറാന്‍ എന്ന പേര് കയറി വന്നു. തികച്ചും സ്വാഭാവികമായ വരവ്. അത് പിന്നീട് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

Related posts