ഗോമതിയെ വിമര്‍ശിക്കുന്നവര്‍ക്ക് അത് ആവാം…എന്തിനാണ് അതിനെ വിമര്‍ശിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല; ശ്രേയ രമേഷ് മനസ് തുറക്കുന്നു…

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനിലെത്തി തിളങ്ങിയ അപൂര്‍വം നടിമാരില്‍ ഒരാളാണ് ശ്രേയ രമേഷ്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഗള്‍ഫില്‍ ജീവിക്കുമ്പോഴാണ് സീരിയലില്‍ അഭിനയിക്കാനുള്ള അവസരം ശ്രേയയെ തേടിയെത്തുന്നത്. പിന്നീടുള്ള നാലു വര്‍ഷങ്ങള്‍ അതിനിടെ പതിനഞ്ചോളം സിനിമകള്‍ ചെയ്തു. ചെറുതെങ്കിലും കാമ്പുള്ള വേഷങ്ങള്‍. എങ്കിലും അവസാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിലെ ഗോമതി എന്ന കഥാപാത്രമാണ് വീട്ടമ്മമാര്‍ക്ക് സുപരിചിതയായ ശ്രേയയെ മലയാളികള്‍ക്കാകെ പരിചയപ്പെടുത്തിയത്.

ഗോമതി എന്ന കഥാപാത്രം ശ്രദ്ധേയമായെങ്കിലും ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിച്ചു. ഇത് ആദ്യം വിഷമിപ്പിച്ചെന്നും പിന്നീട് അത് കാര്യമാക്കിയില്ലെന്നും ശ്രേയ പറയുന്നു. വിമര്‍ശനങ്ങളെക്കുറിച്ച് ശ്രേയ പറയുന്നതിങ്ങനെ…. ധാരാളം ട്രോളുകള്‍ ഉണ്ടായിരുന്നു. ആദ്യമെല്ലാം അത് കണ്ടപ്പോള്‍ വിഷമം തോന്നി. പിന്നീട് പ്രശ്നമില്ലാതായി. വില്ലനെ (ജോണ്‍ വിജയ് അവതരിപ്പിച്ച കഥാപാത്രം) വകവരുത്തുക എന്നതായിരുന്നു സിനിമയിലെ സാഹചര്യം. അതിന് ഗോമതി എന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നു. ആ വില്ലന്റെ വീക്‌നെസാണ് സീരിയലിലെ ഗോമതി.

അതില്‍ മോശമായി ഒന്നും കാണിക്കുന്നില്ല. പിന്നെ എന്തിനാണ് ആളുകള്‍ അതിനെ വിമര്‍ശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഇപ്പോള്‍ ഗോമതിയായി പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത് അംഗീകാരമായി കാണുന്നു. എന്റെ സുഹൃത്തുക്കളില്‍ പലരും ചോദിച്ചു, എന്തിനാണ് അങ്ങനെയൊരു വേഷം ചെയ്തത് എന്ന്. എനിക്കതില്‍ അഭിമാനം മാത്രമേയുള്ളൂ. ഈയടുത്ത് ഒരു സംഭവമുണ്ടായി. ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയപ്പോള്‍ അവിടെ ഒരു അച്ഛനും അമ്മയും കുട്ടിയും ഡോക്ടറെ കാണാന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഓട്ടിസമുള്ള കുഞ്ഞായിരുന്നു. ആ കുട്ടി എനിക്ക് നേരേ കൈചൂണ്ടി എന്തോ പറയുന്നുണ്ട്, മാതാപിതാക്കള്‍ അവനെ അടക്കിയിരുത്താന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല.

എ.ടി.എം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ പോയപ്പോള്‍ അവന്റെ അച്ഛനും അമ്മയും എന്റയടുത്ത് വന്നു. ‘മാഡം സിനിമയിലുള്ള ആളല്ലേ, മോന്‍ കുറേ നേരമായി മാഡത്തിനോട് സംസാരിക്കണം എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു. ഒന്നു അടുത്തേക്ക് ചെല്ലാമോ’- അവര്‍ ചോദിച്ചു. ഞാന്‍ അവന്റെ അടുത്ത് ചെന്നപ്പോള്‍ ഒരൊറ്റ ചോദ്യം, ‘ലൂസിഫറിലെ ഗോമതിയല്ലേ… ? ‘ അങ്ങനെ ഒരു ചോദ്യം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് ഇതുവരെ കിട്ടിയ അംഗീകാരങ്ങളില്‍ ഏറ്റവും വലുത് ആ മോന്റെ പ്രതികരണമായിരുന്നു. ശ്രേയ പറയുന്നു. ഭര്‍ത്താവും മകളും മകനുമടങ്ങുന്നതാണ് ശ്രേയയുടെ കുടുംബം.

Related posts