ഗുജറാത്തിലും ഹിമാചലിലും മോദി തരംഗം ബിജെപിക്ക് തുണയാകും, ഗുജറാത്തില്‍ പട്ടേലുമാരുടെ പിന്തുണ കോണ്‍ഗ്രസിന് തുണയാകില്ല, ശക്തി ക്ഷയിച്ച കീഴ്ഘടകങ്ങള്‍ രാഹുലിന് വിനയാകും

ഗുജറാത്ത് പിടിച്ചാല്‍ നരേന്ദ്ര മോദിയെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാമെന്ന് നന്നായി അറിയാവുന്നത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും തന്നെ. ഇന്ത്യയ്ക്കു മുന്നില്‍ മോദിയെ ബ്രാന്‍ഡിനെ സൃഷ്ടിച്ചെടുക്കുന്നതില്‍ ഗുജറാത്ത് വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഗുജറാത്തില്‍ അധികാരത്തിലേറാനായാല്‍ മോദിയെ മാനസികമായി തകര്‍ക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതുവഴി 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടത്താമെന്നുമാണ് പ്രതിപക്ഷ പ്രതീക്ഷകള്‍.

എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന ഇന്ത്യ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ സര്‍വേ കോണ്‍ഗ്രസിന് അത്ര നല്ല കാലമല്ല പ്രവചിക്കുന്നത്. ഒരു മാസത്തോളമായി സംഘടിപ്പിച്ച സര്‍വെയിലാണ് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. ബിജെപി 48 ശതമാനം വോട്ടും കോണ്‍ഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം പേര്‍ വിജയ് രൂപാനി തന്നെ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 19 ശതമാനം കോണ്‍ഗ്രസ് എം.എല്‍.എ ശക്തിസിങ് ഗോഹിലിനെയും 11 ശതമാനം കോണ്‍ഗ്രസ് നേതാവ് ഭരത് സിങ് സോളങ്കിയെയും പിന്തുണച്ചു.

സംസ്ഥാനത്തെ 182 നിയമസഭാമണ്ഡലങ്ങളില്‍ 115 മുതല്‍ 125 വരെ സീറ്റ് ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 57 മുതല്‍ 67 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. 2012ല്‍ 60 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. ദളിത് നേതാവ് അല്‍പേഷ് ഠാക്കൂറിന്റെയും, ജിഗ്‌നേഷ് മേവാനിയുടേയും കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയാണെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ പട്ട്യാധര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പിന്തുണ പ്രഖ്യാപിക്കുകയാണെങ്കില്‍ വോട്ട് ശതമാനം വീണ്ടും ഉയരുമെന്നും സര്‍വെ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ഹിമാചല്‍പ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശിലെ ആകെയുള്ള 68 സീറ്റില്‍ 47 സീറ്റും ബിജെപി നേടുമെന്നാണ് റിപ്പോര്‍ട്ട്. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 21 മുതല്‍ 25 സീറ്റുകള്‍ മാത്രമാകും ലഭിക്കുക. സ്വതന്ത്രരും മറ്റും അഞ്ചില്‍ താഴെ സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ പറയുന്നു. 2012ല്‍ 36 സീറ്റുകള്‍ നേടിയാണ് വീരഭദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. വീരഭദ്ര സിംഗിന് ഇപ്പോഴും ജനപ്രീതിയില്‍ വലിയ ഇടിവില്ലെങ്കിലും ഭരണത്തിലെ അഴിമതിയും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളുമാണ് കോണ്‍ഗ്രസിന് വിനയാകുക. മറുവശത്ത് ബിജെപിയിലും പാളയത്തില്‍ പട കുറവല്ലെങ്കിലും മോദിയുടെ പ്രതിച്ഛായ ഇവിടെയും രക്ഷയ്‌ക്കെത്തുമെന്നാണ് നിരീക്ഷണം.

Related posts