ആനചോരുന്നത് കാണാതെ എള്ളുചോരുന്നേ എന്ന് കരയുന്നതിന് തുല്യമാണിത്! ചിന്താ ജെറോമിന്റെ വിവാദ പരാമര്‍ശത്തെക്കുറിച്ചും അവര്‍ക്കെതിരെയുള്ള കളിയാക്കലുകളെക്കുറിച്ചും എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രതികരണം

ജിമിക്കി കമ്മലിനെ കീറിമുറിച്ച ഡിവൈഎഫ്‌ഐ നേതാവ് ചിന്താ ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശങ്ങള്‍ ഇടവിടാതെ ഉയരുകയാണ്. ട്രോളുകള്‍ക്ക് പിന്നാലെ സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചിന്തയുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതേക്കുറിച്ച് അഭിപ്രയപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. പദവികളിലിരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാമെന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
‘ഈ നാടിനൊരു പാരമ്പര്യമുണ്ട്. പര്‍ണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളര്‍ന്ന് ആസേതു ഹിമാചലം വരെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുക എന്നതാണ്.

ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവപാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്. ഇതു കേള്‍ക്കാതെ ജിമിക്കിക്കമ്മലും സെല്‍ഫിയും സെലക്ട് ചെയ്ത് ചര്‍ച്ച ചെയ്യുന്നത്, ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണ്. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്’.

Related posts