മത്തങ്ങയുടെ ഉള്ളിലുള്ള വിത്തുകളാണ് പംകിൻ സീഡ്സ് എന്നറിയപ്പെടുന്നത്. പുറംതൊലിയോടുകൂടിയോ പുറംതൊലി നീക്കിയ പച്ചനിറത്തിലുള്ള വിത്തുകളായോ ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. മത്തങ്ങാവിത്തുകൾ പോഷകസമൃദ്ധമായ ഭക്ഷണമാണ്. അവയിലെ പ്രോട്ടീൻ, അപൂരിത കൊഴുപ്പുകൾ, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയവ ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. 100 ഗ്രാം പുറംതൊലി നീക്കിയ, ഉണക്കിയ മത്തങ്ങാവിത്തിൽ 559 കിലോ കലോറി ഊർജമുണ്ട്. സമീകൃത ഭക്ഷണക്രമത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ ഹൃദയാരോഗ്യത്തിനും പോഷകാവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകം.
ഹൃദയാരോഗ്യത്തിന്
മത്തങ്ങാവിത്തുകളിൽ അപൂരിത കൊഴുപ്പുകൾ, മഗ്നീഷ്യം, സസ്യങ്ങളിൽ കാണുന്ന ഫൈറ്റോസ്റ്റിറോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതു ഹൃദയാരോഗ്യത്തിനു സഹായകം
ഉറക്കത്തിനും മാനസികാരോഗ്യത്തിനും
മത്തങ്ങാവിത്തുകളിൽ ട്രിപ്റ്റോഫാൻ (Tryptophan) എന്ന അമിനോ ആസിഡും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാൻ ശരീരത്തിൽ സെറോട്ടോണിൻ, മെലറ്റോണിൻ തുടങ്ങിയ സംയുക്തങ്ങളുടെ നിർമാണത്തിൽ പങ്കുവഹിക്കുന്നു.
മെലറ്റോണിൻ ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിന് അവശ്യമാണു മഗ്നീഷ്യം.
പുരുഷ ലൈംഗിക ആരോഗ്യത്തിന്
പംകിൻ സീഡ്സ് പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലടങ്ങിയിരിക്കുന്ന സിങ്ക്, മഗ്നീഷ്യം, ആന്റിഓക്സി ഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പുരുഷ ഹോർമോണുകളുടെ ഉത്പാദനത്തിനും പ്രത്യുത്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
മത്തങ്ങാക്കുരുവിൽ ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിന് സിങ്ക് അത്യാവശ്യമാണ്. സിങ്കിന്റെ കുറവ് ലൈംഗിക താത്പര്യം (Libido) കുറയാൻ കാരണമാകും. മത്തങ്ങാക്കുരു കൃത്യമായി കഴിക്കുന്നത് ഇത് പരിഹരിക്കാൻ സഹായിക്കും.
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ (Prostate gland) ആരോഗ്യത്തിന് സിങ്ക് വളരെ അത്യാവശ്യമാണ്. ഇത് പ്രോസ്റ്റേറ്റ് വീക്കം തടയാൻ സഹായിക്കുന്നു. സിങ്കും ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ബീജത്തിന്റെ ഗുണനിലവാരവും എണ്ണവും (Sperm count and quality) വർധിപ്പിക്കാൻ സഹായിക്കും.
ദിവസം എത്രത്തോളം മത്തങ്ങാവിത്തുകൾ കഴിക്കാം?
ദിവസവും ഒരു ടേബിൾസ്പൂൺ (ഏകദേശം 15 ഗ്രാം) മത്തങ്ങാക്കുരു വറുത്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. സലാഡുകളിലോ സ്മൂത്തികളിലോ ചേർത്തും ഇത് ഉപയോഗിക്കാം.
എങ്ങനെ കഴിക്കാം?
പച്ചവിത്തുകൾ – ഉപ്പും എണ്ണയും ചേർക്കാത്ത വൃത്തിയുള്ള വിത്തുകൾ നേരിട്ട് കഴിക്കാം.
വറുത്ത വിത്തുകൾ – കുറഞ്ഞ ചൂടിൽ ഉപ്പു ചേർക്കാതെ വറുത്ത് കഴിക്കാം. അമിതമായി വറുക്കുന്നത് ഒഴിവാക്കുക.
ഓട്സ്, തൈര്, സാലഡ്, കഞ്ഞി തുടങ്ങിയവയിൽ ചെറിയ അളവിൽ ചേർക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ഉപ്പ് ചേർത്ത വിത്തുകൾ അധികമായി കഴിക്കരുത്. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദമുള്ളവർ ഉപ്പിന്റെ അളവ് ശ്രദ്ധിക്കണം.
- വിത്തുകൾ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ദുർഗന്ധമോ പൂപ്പലോ കണ്ടാൽ ഉപയോഗിക്കരുത്.
- വിത്തുകളോട് അലർജിയുള്ളവർ ഒഴിവാക്കണം.
- വൃക്കരോഗമുള്ളവരും പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ അളവ് നിയന്ത്രിക്കാൻ നിർദേശിക്കപ്പെട്ടവരും പതിവായി വലിയ അളവിൽ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെയോ ഡയറ്റീഷന്റെ ഉപദേശം തേടണം.
- കഴിച്ചാൽ ചിലർക്ക് വയറുവീക്കം, വയറിലെ അസ്വസ്ഥത എന്നിവ ഉണ്ടാകാം.
