ഹെല്‍മറ്റില്ലെങ്കില്‍ ഇനി പിഴയൊടുക്കേണ്ട, പത്തു ഫോട്ടോ അയച്ചുകൊടുത്താല്‍മതി, വിപ്ലവകരമായ നടപടികളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ‘പണി’ ഒളിഞ്ഞിരിപ്പുണ്ട്, ഇതിലും നല്ലത് പിഴ തന്നെയെന്ന് വാഹന ഉടമകളും

1ഹെല്‍മറ്റില്ലെങ്കില്‍ ഇനി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ പേടിക്കേണ്ടതില്ല. പിഴയും ഒടുക്കേണ്ടതില്ല. ഇത്രയും കേട്ടതേ സന്തോഷിക്കുന്നവര്‍ക്ക് ഇനി പറയുന്നത് കേട്ടാല്‍ കരച്ചില്‍ വരുമെന്നുറപ്പ്. അക്കാര്യങ്ങള്‍ ഇങ്ങനെ. പിടിക്കപ്പെടുന്നവര്‍ ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്ന പത്ത് പേരുടെയെങ്കിലും ഫോട്ടോയെടുത്ത് മോട്ടോര്‍ വാഹന വകുപ്പിന് വണ്ടി നമ്പര്‍ ഉള്‍പ്പെടെ ഇമെയിലായി അയച്ചുകൊടുക്കണം. ഇമെയിലില്‍ പെട്ട് പോകുന്നവര്‍ക്ക് വേണമെങ്കില്‍ പിഴയടയ്ക്കാം. അല്ലെങ്കില്‍ പകരം സമാന നിയമ ലംഘകരുടെ പത്ത് ഫോട്ടോ നല്‍കി മോട്ടോര്‍ വാഹന വകുപ്പിനെ സഹായിച്ചാല്‍ മതി. മോട്ടോര്‍ വാഹന വകുപ്പിന്റെ തേഡ് ഐ (മൂന്നാം കണ്ണ് ) യുടെ രണ്ടാം ഘട്ടമായിട്ടാണ് സെപ്തംബര്‍ ഒന്ന് മുതല്‍ 30 വരെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളില്‍ പരീക്ഷണാര്‍ഥം പുതിയ ‘ശിക്ഷാവിധി’ നടപ്പിലാക്കുന്നത്.

ഇനി ഹെല്‍മറ്റില്ലാത്തവരെ കുടുക്കാന്‍ നാട്ടുകാര്‍ക്കും അവസരമുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരെ കണ്ടാല്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് ആര്‍ടിഒ യ്ക്ക് മെയില്‍ ചെയ്താലും നടപടി ഉണ്ടാകും. സ്ഥലം, സമയം, തീയതി എന്നീ വിവരങ്ങള്‍ [email protected] എന്ന മെയിലിലാണ് അയയ്‌ക്കേണ്ടത്. പിടിയിലാകുന്ന നിയമ ലംഘകര്‍ക്ക് വാഹന വകുപ്പ് ബോധവത്കരണവും കൗണ്‍സലിങ്ങും നടത്തും. ഹെല്‍മെറ്റില്ലാതെ അപകടത്തില്‍ പെട്ടാലുണ്ടാകുന്ന അനന്തര ഫലങ്ങള്‍, മെഡിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവയായിരിക്കും ബോധവത്കരണത്തിലൂടെയും കൗണ്‍സലിങ്ങിലൂടെയും ലക്ഷ്യമിടുന്നത്.

ഹെല്‍മറ്റ് വാങ്ങാന്‍ പണമില്ലെന്നു പറയുന്നവര്‍ക്ക് പാതി വിലയ്ക്കു ഹെല്‍മറ്റ് നല്കാനുള്ള പദ്ധതിയും ഉണ്ട്. നിയമ ലംഘകരുടെ പത്ത് ഫോട്ടോ നല്‍കി കൗണ്‍സലിങ് ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഹെല്‍മെറ്റ് വാങ്ങുന്നതില്‍ ഡിസ്കൗണ്ട്. 50 ശതമാനം വരെയാണ് ഡിസ്കൗണ്ട്. കൗണ്‍സലിംഗ് ക്ലാസ് പക്ഷെ നിര്‍ബന്ധമാണ്. പുതിയ പരിഷ്കാരങ്ങളോട് സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

Related posts