മോസ്കോ: ഇന്ത്യ-അമേരിക്ക പുതിയ വ്യാപാര കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് റഷ്യ.
ഏതു രാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നു തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ടെന്നും, ഇന്ധനസ്രോതസുകൾ വിപുലീകരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
റഷ്യയുടെ പ്രതികരണം
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യയിൽനിന്നു തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പെസ്കോവ് അറിയിച്ചു. ഇന്ത്യയുടെ ഏക എണ്ണ വിതരണ രാജ്യം റഷ്യയല്ലെന്ന് തങ്ങൾക്കും അന്താരാഷ്ട്ര ഊർജ വിദഗ്ധർക്കും അറിയാം. ഇന്ത്യ മറ്റു രാജ്യങ്ങളിൽനിന്നും എണ്ണ വാങ്ങാറുണ്ട്. ഇതിൽ പുതുതായി ഒന്നുമില്ലെന്നും പെസ്കോവ് പറഞ്ഞു.
റഷ്യയുമായുള്ള ഊർജ ഇടപാടുകൾ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര എണ്ണ വിപണിയിലെ സ്ഥിരത നിലനിർത്താൻ ഇതു സഹായിക്കുമെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. അമേരിക്കയിൽനിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം കേവലം ഒരു വിപണി തന്ത്രം മാത്രമായാണ് റഷ്യ കാണുന്നതെന്നും സഖറോവ വ്യക്തമാക്കി.
അമേരിക്കയുടെ അവകാശവാദങ്ങൾ
അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ എണ്ണ ഉപേക്ഷിച്ച് അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, കരാർ പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് റഷ്യ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ സമ്മർദങ്ങൾക്കിടയിലും പ്രതിദിനം 1.5 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നും റഷ്യയിൽ നിന്നാണ്.
അതേസമയം, റഷ്യൻ എണ്ണ പൂർണമായും ഉപേക്ഷിക്കുക ഇന്ത്യയെ സംബന്ധിച്ച് പ്രായോഗികമല്ലെന്ന് ഊർജവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ ഷെയ്ൽ ഓയിലിനേക്കാൾ ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യയുടെ ക്രൂഡ് ആണ് കൂടുതൽ അനുയോജ്യമെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കൻ എണ്ണ ഉപയോഗം അധികച്ചെലവിനു കാരണമാകും. ഇന്ത്യ-അമേരിക്ക ചർച്ചകളിൽ താൻ വിജയിച്ചുവെന്നു കാണിക്കാനുള്ള ട്രംപിന്റെ രാഷ്ട്രീയനീക്കമെന്നാണ് ഇപ്പോഴത്തെ സംഭവങ്ങളെ റഷ്യൻ നിരീക്ഷകർ വിലയിരുത്തുന്നത്.
