മുണ്ടക്കയം: കർഷകരുടെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മുണ്ടക്കയം കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിൽ. ഇന്നലെ കൃഷി ഓഫീസിൽ ജോലിക്ക് ഉണ്ടായിരുന്നത് താത്കാലിക പാർട്ട്ടൈം സ്വീപ്പർ മാത്രമായിരുന്നു. എസ്ഐആർ ഡ്യൂട്ടിക്കായി ഭൂരിഭാഗം ജീവനക്കാരെയും നിയോഗിച്ചതോടെയാണ് കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുന്നത്.
കൃഷി ഓഫീസർ – ഒന്ന്, അസിസ്റ്റന്റ് കൃഷി ഓഫീസർ – ഒന്ന്, കൃഷി അസിസ്റ്റന്റ് – രണ്ട് എന്നിങ്ങനെയായിരുന്നു ഇവിടത്തെ ജീവനക്കാരുടെ എണ്ണം. ഇതിൽ കൃഷി ഓഫീസർ ഒഴികെ മറ്റ് മൂന്നു ജീവനക്കാരും സ്ഥലംമാറിപ്പോയി. പകരമായി വന്നത് ഒരു അസിസ്റ്റന്റ് കൃഷി ഓഫീസറും ഒരു കൃഷി അസിസ്റ്റന്റുമാണ്. ഇതിൽ കൃഷി അസിസ്റ്റന്റ് കഴിഞ്ഞ നാലുമാസമായി എസ്ഐആർ ഡ്യൂട്ടിയിലാണ്. പിന്നീട് കൃഷി ഓഫീസറും അസിസ്റ്റന്റ് കൃഷി ഓഫീസറും മാത്രമാണ് ഇവിടെ ജോലിക്കായി ഉണ്ടായിരുന്നത്.
ഇതിൽ അസിസ്റ്റന്റ് കൃഷി ഓഫീസറെക്കൂടി എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ മുണ്ടക്കയം കൃഷിഭവനിൽ ആകെയുള്ളത് കൃഷി ഓഫീസർ മാത്രമായി. തിരുവനന്തപുരത്ത് മന്ത്രി വിളിച്ചുചേർത്ത പ്രത്യേക മീറ്റിംഗിൽ പങ്കെടുക്കാനായി കൃഷി ഓഫീസർക്കും പോകേണ്ടി വന്നതോടെ ഇന്നലെ മുണ്ടക്കയം കൃഷിഭവനിൽ ആകെ ഉണ്ടായിരുന്നത് താത്കാലിക പാർട്ട് ടൈം സ്വീപ്പറായ ജീവനക്കാരി മാത്രമാണ്.
ഇതോടെ കൃഷിഭവന്റെ പ്രവർത്തനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്.23 വാർഡുകളുള്ള മുണ്ടക്കയം പഞ്ചായത്തിലെ കർഷകരുടെ ഏക ആശ്രയമാണ് മുണ്ടക്കയം കൃഷിഭവൻ. ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്ന പല പദ്ധതികളുടെയും പ്രവർത്തനം ഇതോടെ അവതാളത്തിലായിരിക്കുകയാണ്. ഈ മാസങ്ങളിൽ കർഷകർക്ക് വിതരണം ചെയ്യേണ്ട ഇഞ്ചി, മഞ്ഞൾ അടക്കമുള്ളവയും കിഴങ്ങുവർഗവിളകളുടെ വിതരണമടക്കം പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ കർഷകർക്കുള്ള പല ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ട സമയവുമാണിത്.
വേനൽ കനത്തതോടെ കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്ന നാശനഷ്ടങ്ങൾ വിലയിരുത്തി കർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ടതും കൃഷി ഓഫീസിലെ ജീവനക്കാരാണ്. കൃഷി ഓഫീസിലെ ജീവനക്കാരെ കൂട്ടത്തോടെ എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ മുണ്ടക്കയം കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. ഇതോടെ മലയോര മേഖലയിലെ കർഷകരും കടുത്ത ദുരിതത്തിലാണ്.
