ഒരു ജോലിക്കും ആവശ്യമായ തൊഴില്‍ ക്ഷമത പത്തില്‍ എട്ട് ഇന്ത്യന്‍ എന്‍ജിനീര്‍മാര്‍ക്കും ഇല്ല! പുതുതലമുറ ജോലികള്‍ക്ക് അനുയോജ്യരായത് 1.7 ശതമാനം ആളുകള്‍ മാത്രം; പുതിയ പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്

തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം ഞെട്ടിക്കുന്ന രീതിയിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സമാന്തരമായി നടത്തിയിട്ടുള്ള ഒരു പഠനത്തില്‍ തെളിയുന്ന കാര്യങ്ങള്‍ കൂടുതല്‍ ഞെട്ടലുളവാക്കുന്നതാണ്.

എല്ലാ തൊഴില്‍ മേഖലകളിലും ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന സാങ്കേതിക വിദ്യയുമായി ഏറ്റവുമടുത്ത ബന്ധമുള്ള എന്‍ജിനീയര്‍മാരില്‍ പോലും വെറും 1.7 % പേരാണു പുതുതലമുറ ജോലികള്‍ക്ക് അനുയോജ്യരായവരെന്നതാണ് ഞെട്ടിക്കുന്ന കാര്യം. തൊഴില്‍ നൈപുണ്യശേഷി വിലയിരുത്തുന്ന ആസ്പയറിങ് മൈന്‍ഡ്‌സ് എന്ന കമ്പനി നടത്തിയ ദേശീയ തൊഴില്‍ ക്ഷമതാ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്.

വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലെ ഒരു ജോലിക്കും ആവശ്യമായ തൊഴില്‍ ക്ഷമത പത്തില്‍ എട്ട് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കും ഇല്ലെന്നാണു പഠനത്തിലെ കണ്ടെത്തല്‍. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി ഈ തൊഴില്‍ ക്ഷമതാ നൈപുണ്യ ശേഷികളില്‍ കാര്യമായ വര്‍ദ്ധനയും നാട്ടിലെ എന്‍ജിനീയര്‍മാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടു പറയുന്നു.

റിപ്പോര്‍ട്ടു പ്രകാരം 3.84% എന്‍ജിനീയര്‍മാര്‍ക്കു മാത്രമാണ് സ്റ്റാര്‍ട്ട് അപ്പുകളിലെ സോഫ്റ്റ് വെയര്‍ അനുബന്ധ ജോലികള്‍ക്ക് ആവശ്യമായ സാങ്കേതിക, ഭാഷാ ശേഷികള്‍ ഉള്ളത്. ഐടി ജോലികള്‍ക്ക് അപേക്ഷിക്കുന്ന അമേരിക്കയിലെ യുവ എന്‍ജിനീയര്‍മാരില്‍ 18.8 ശതമാനത്തിനും കൃത്യമായ കോഡ് എഴുതാന്‍ അറിയാം. ഇന്ത്യയില്‍ ഇത് 4.7 % മാത്രമാണ്. തിയറിയില്‍ മാത്രം ഊന്നിയ എന്‍ജിനീയറിങ് വിദ്യാഭ്യാസമാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു.

Related posts