കൊല്ലം: ലഹരിക്കെതിരായ ‘തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയെ വിമർശിച്ച് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തൂഫാൻ പദ്ധതി പരമ തട്ടിപ്പാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടുക മാത്രമാണെന്നും മുൻ പൊലിസുകാരിയായ തനിക്ക് ഇതിന്റെ യാഥാർഥ്യം അറിയാമെന്നുമാണ് അവർ പറഞ്ഞത്. പൊലിസ് സ്റ്റേഷനുകളിൽ നിന്ന് മാറ്റുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തതായി കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അവർ ആരോപിച്ചു.
എന്നാല് ആർ. ശ്രീലേഖയുടെ ഈ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആർ. ശ്രീലേഖയ്ക്ക് ഇതെന്തു പറ്റിയെന്ന് ചോദിച്ച അദ്ദേഹം, കേരളത്തിലെ ജനങ്ങൾ മുഴുവൻ തൂഫാൻ നടപടികളെ പിന്തുണയ്ക്കുന്നുണ്ടെന്നും അവരുടെ പ്രതികരണം രാഷ്ട്രീയ താല്പര്യംവച്ചുകൊണ്ടുള്ളതാണെന്നും തിരിച്ചടിച്ചു.
