ആടു മേയ്ക്കല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയെ സഹായിക്കാന്‍ കാക്കിയിട്ട ഏമാന്മാരും;സത്യസരണിയെ സംരക്ഷിക്കുന്ന ഡിവൈഎസ്പിമാരും സിഐമാരും നിരീക്ഷണത്തില്‍…

hadiya600കേരളത്തില്‍ വന്‍ വിവാദം സൃഷ്ടിച്ചു മുന്നേറുന്ന ഹാദിയ കേസില്‍ പുതിയ കണ്ടെത്തല്‍. അഖിലയെ മതംമാറ്റി ഹാദിയ ആക്കിയവര്‍ക്കു പിന്നില്‍ സ്ഥലത്തെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. മലപ്പുറം, പാലക്കാട് ജില്ലയിലെ മൂന്ന് ഡിവൈഎസ്പി മാരും 3 സിഐമാരും തീവ്ര നിലപാടുകാരെ പിന്തുണയ്ക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഹാദിയ കേസില്‍ ഐഎസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ഇവിടെയെത്തിയിരുന്നു. ഇവരാണ് പൊലീസുകാരുടെ ഇടപെടല്‍ കണ്ടെത്തിയത്. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം സംസ്ഥാന പോലീസിനെ അറിയിച്ചിട്ടുണ്ട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാന ഇന്റലിജന്‍സ് മേധാവിയും ഇത്തരമൊരു പ്രശ്‌നമുണ്ടെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് അറിയില്ല. ഏതായാലും ഈ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളെ കേന്ദ്ര ഏജന്‍സികള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഹാദിയ വിഷയത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ ഒന്നും ചെയ്തില്ല. പകരം അവരെ സഹായിക്കാനാണ് ശ്രമിച്ചത്. ഹാദിയയുടെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയത് അങ്ങനെയാണ്. മറ്റൊരു മതം മാറ്റക്കേസിലും ഇത്തരത്തില്‍ ഈ ഉദ്യോഗസ്ഥര്‍ ഇടപെടല്‍ നടത്തി. തീവ്ര ആശയക്കാരെ സഹായിക്കുന്ന ഇവര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യമുയരുകയാണ്.

കോട്ടയത്തു നിന്നും കാണാതായ പെണ്‍കുട്ടിയുടെ മതംമാറ്റവും സിറിയയിലേക്ക് കടത്താന്‍ ശ്രമമുണ്ടെന്ന പരാതിയുമാണ് കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ കാരണമായത്. പെണ്‍കുട്ടികളെ മതം മാറ്റി വിദേശത്തേക്കു കടത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം മുമ്പു തന്നെ പുറത്തു വന്നിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ആതിരയെയും മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും കാണാതായ അഖിലിനെയും
മതം മാറ്റിയത് ഒരേ ആളുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് എന്‍ഐഎയും കേന്ദ്ര ഇന്റലിജന്‍സും നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താകുന്നത്.

ഇതോടെ മതംമാറ്റ സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ നിച്ച് ഓഫ് ട്രൂത്ത് പ്രവര്‍ത്തകന്‍ പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി നൗഫലും മറ്റു ചിലരുമാണ് മതം മാറ്റത്തിന് നേതൃത്വം നല്‍കിയത്. ഇവരുടെ പേരില്‍ മതം മാറ്റിയ ഒട്ടുമിക്ക ആളുകളെയും വിദേശത്തേക്കു കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക സംഭവങ്ങളിലും അന്വേഷണം നടന്നില്ല എന്നതും ശ്രദ്ധേയമാണ്. അഖില്‍ എന്ന അബ്ദുള്ളയുടെയും ആതിരയുടെയും സംഭവത്തിനു തൊട്ടു പിന്നാലെയാണ് കോട്ടയം വൈക്കം സ്വദേശിയായ യുവതിയുടെ അച്ഛന്‍ അശോകന്‍ മകളെ കാണാനില്ലെന്നും മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമം നടക്കുന്നതായും പരാതിപ്പെട്ടത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള സംഘമാണ് കോട്ടയം സ്വദേശിയുടെ മതം മാറ്റത്തിനു പിന്നിലും.

ഹോമിയോ ബിരുദധാരിയായ മകള്‍ അഖിലയെ കാണാനില്ലെന്ന അശോകന്റെ പരാതിയില്‍ അന്വേഷിച്ച പോലീസ് യുവതി യുവതി മഞ്ചേരിയിലെ സത്യസരണിയില്‍ ഉണ്ടെന്നു കണ്ടെത്തി. എന്നാല്‍ യുവതി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ യുവതി വിവാഹം ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസിന് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയയ്ക്കാനുള്ള നടപടി എടുക്കാമായിരുന്നു. അതുണ്ടായില്ല. അതിനു പകരം പെണ്‍കുട്ടിയെ അവിടെ തന്നെ നിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്. പിന്നീട് കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ മതം മാറ്റിയ ആളുകളോടൊപ്പമായിരുന്നു പെണ്‍കുട്ടി എത്തിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയ്യാറായതുമില്ല.

ഈ സാഹചര്യത്തിലാണ് അശോകന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഇതു പരിഗണിച്ച ഹൈക്കോടതി പെണ്‍കുട്ടി രാജ്യം വിടുന്നത് നിരീക്ഷിക്കാനും സത്യസരണിയില്‍ റെയ്ഡ് നടത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ചേരിയിലെ സത്യസരണിയില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. അതായാത് സത്യസരണിക്കെതിരെ പരാതി ഉയര്‍ന്നിട്ടും പൊലീസ് നടപടിക്ക് കോടതി ഉത്തരവ് വേണ്ടി വന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മഞ്ചേരിയിലെ സത്യസരണി. മുജാഹിദ് നേതാവായ എം.എം അക്ബറിനും അക്ബറിന്റെ അടുപ്പക്കാര്‍ക്കും ഈ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ട്. കേസിലെ മുഖ്യ കണ്ണി പെരിന്തല്‍മണ്ണയിലെ നൗഫല്‍ ജൂണ്‍ മാസം വിദേശത്തേക്ക് കടന്നിരുന്നു. ഇതും പൊലീസിന്റെ വീഴ്ചയുടെ ഭാഗമാണ്.

സംസ്ഥാനത്തിന്റെ വിവിധഭാഗത്തു നിന്നുമായി വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളെ കാണാനില്ലെന്നു പറഞ്ഞ് 17 ഹര്‍ജിയാണ് കോടതിയില്‍ നല്‍കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ ചില മെഡിക്കല്‍, എഞ്ചിനിയറിംഗ്് സ്ഥാപനങ്ങള്‍ മതംമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് സത്യസരണിയേക്കാണെന്നു മാത്രം. ഇത്തരം പരാതികളില്‍ പോലീസ് കാര്യമായ ഇടപെടല്‍ നടത്താറില്ലെന്നും കേന്ദ്ര ഇന്റലിജന്‍സ് ആരോപിക്കുന്നു. ദുരൂഹസാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കേസിലും ഒരന്വേഷണവുമുണ്ടായില്ല. ഇതെല്ലാം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിലുള്ള പങ്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Related posts