ദുബായ്: അമേരിക്ക രണ്ടാംഘട്ട വ്യോമാക്രമണം നടത്തിയതിനു പിന്നാലെ, തിരിച്ചടിയുമായി ഇറാൻ. കുവൈത്തിലെയും ബഹ്റൈനിലെയും 18 യുഎസ് സൈനിക താവളങ്ങൾക്കുനേരേ ശക്തമായ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അറിയിച്ചു.
ഇതേത്തുടർന്ന് കുവൈത്ത് തങ്ങളുടെ വ്യോമപാത താത്കാലികമായി അടയ്ക്കുകയും വിമാനങ്ങൾ തിരിച്ചുവിടുകയും ചെയ്തു. ഇതോടെ, ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലായി. ഏപ്രിൽ ആദ്യം ഇരുരാജ്യങ്ങളും ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും ലംഘിക്കപ്പെടുന്ന തരത്തിലാണു നിലവിലെ സൈനിക നീക്കങ്ങൾ.
യുഎസ് ആക്രമണങ്ങൾക്കു മറുപടിയായി കുവൈത്തിലെയും ബഹ്റൈനിലെയും അഹമ്മദ് അൽ ജാബർ, ഷെയ്ഖ് ഈസ തുടങ്ങിയ പ്രമുഖ വ്യോമസേനാ താവളങ്ങളിലെ 18 പ്രധാന യുഎസ് കേന്ദ്രങ്ങൾക്കുനേരെയാണ് ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് ബഹ്റൈനിൽ അപായ സൈറണുകൾ മുഴങ്ങി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ ആക്രമണങ്ങളെ നേരിടുകയാണെന്ന് കുവൈത്ത് സൈന്യം വ്യക്തമാക്കി.
ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോയി തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചതിനു പിന്നാലെയാണ് യുഎസ് സൈന്യം രണ്ടാം ദിവസവും ഇറാനിൽ കടുത്ത ആക്രമണം അഴിച്ചുവിട്ടത്.
ഇറാന്റെ സൈനിക നിരീക്ഷണ സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് സേനയ്ക്കും അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കും ഭീഷണിയായതിനാലാണ് ഈ നടപടിയെന്നും തങ്ങൾ എന്തിനും സജ്ജമാണെന്നും യുഎസ് കൂട്ടിച്ചേർത്തു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഏതെങ്കിലും തരത്തിലുള്ള കപ്പൽ ഗതാഗതം നടത്തിയാൽ കർശനമായി നേരിടുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് അശാന്തമാക്കാൻ ശ്രമിച്ചാൽ മേഖലയെ നരകമാക്കി മാറ്റുമെന്ന് ഇറാൻ കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസാവി വ്യക്തമാക്കി. മാസങ്ങളായി ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്.
സമാധാന ചർച്ചകൾക്കായി ഖത്തറിൽ നിന്നുള്ള പ്രതിനിധികൾ ടെഹ്റാനിൽ എത്തിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിക്കണമെന്നാണ് വാഷിംഗ്ടണിന്റെ ആവശ്യം. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഇറാൻ ആവർത്തിക്കുന്നു.
അതേസമയം, ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള യുദ്ധം നിർത്തലാക്കണമെന്ന ഇറാന്റെ ആവശ്യത്തിനു വിരുദ്ധമായി ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
