പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയിലുടനീളം ട്രെയിനുകളിൽ യാത്രക്കാർക്ക് ഭക്ഷണമെത്തിക്കുന്ന അനധികൃത ഇ-കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരേ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐഎആർസിടിസി) കർശന നടപടി ആരംഭിച്ചു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം കാറ്ററിംഗ് ഏജൻസികളെ റെയിൽവേയിൽ നിന്ന് പൂർണമായി ഒഴിവാക്കുന്നതിനുള്ള ഏകോപിത നീക്കമാണ് റെയിൽവേ പൊതുമേഖലാ സ്ഥാപനം നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ച 14 പ്രമുഖ വെബ്സൈറ്റുകളെ കണ്ടെത്തി കരിമ്പട്ടികയിൽ പെടുത്തുകയും ഇവർക്കെതിരേ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ ഭക്ഷണശാലകളിൽ നിന്നാണ് ഈ അനധികൃത വെബ്സൈറ്റുകൾ യാത്രക്കാർക്കായി ഭക്ഷണം ശേഖരിക്കുന്നതെന്ന് ഐആർസിടിസി അധികൃതർ ചൂണ്ടിക്കാട്ടി.
കൃത്യമായ ശുചിത്വ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിന് പുറമെ, ഈ അടുക്കളകളിലെ തൊഴിലാളികൾക്കോ വിതരണത്തിനെത്തുന്ന ഡെലിവറി ജീവനക്കാർക്കോ ഉള്ള നിർബന്ധിത മെഡിക്കൽ സ്ക്രീനിംഗ് പരിശോധനകൾ പോലും ഇത്തരം സ്ഥാപനങ്ങൾ നടത്താറില്ല. ഇത് യാത്രക്കാരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാകുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകളിലും സൈബർ സുരക്ഷയിലും വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും റെയിൽവേ വക്താക്കൾ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ട്രെയിൻ യാത്രക്കാർ തങ്ങളുടെ ഭക്ഷണ ഓർഡറുകൾ നടത്തുമ്പോൾ കടുത്ത ജാഗ്രത പുലർത്തണമെന്ന് ഐആർസിടിസി നിർദേശിച്ചു. ട്രെയിനുകളിലേക്കുള്ള ഭക്ഷണങ്ങൾ ബുക്ക് ചെയ്യുന്നതിനായി ഐആർസിടിസിയുടെ ഔദ്യോഗിക ഇ-കാറ്ററിംഗ് വെബ്സൈറ്റ്, ഔദ്യോഗിക ഫുഡ് ഓൺ ട്രാക്ക് മൊബൈൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ റെയിൽവേ കൃത്യമായി അംഗീകാരം നൽകിയിട്ടുള്ള ഇ-കാറ്ററിംഗ് ഫുഡ് അഗ്രഗേറ്ററുകൾ എന്നിവ വഴിമാത്രം സേവനങ്ങൾ ഉറപ്പാക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
