ഇസ്രയേലിലെത്തിയ 6 മലയാളികള്‍ കൂടി മുങ്ങി, അഞ്ച് പേര്‍ സ്ത്രീകള്‍! ബിജു കുര്യനെ കാണാതായ സംഭവത്തില്‍ ഏറെ ദുരൂഹത

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായതിനെ പിന്നാലെ സമാന പരാതിയുമായി പുരോഹിതന്‍ രംഗത്ത്.

ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ഥാടകസംഘത്തിലെ ആറു പേരെ കാണാനില്ലെന്നാണ് പരാതി. 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ കുറിച്ചാണ് വിവരമില്ലാത്തത്.

പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ മുങ്ങിയത്. യാത്രയ്ക്കു നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള പുരോഹിതന്‍ ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി.

തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖാന്തരമായിരുന്നു ഇത്തവണ തീര്‍ഥാടകയാത്ര സംഘടിപ്പിച്ചത്.

ഈ മാസം എട്ടിന് സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചു. ഇസ്രയേലിനൊപ്പം  ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താനായിരുന്നു പദ്ധതി.

ഫെബ്രുവരി 11ന് തീര്‍ഥാടക സംഘം ഇസ്രയേലില്‍ എത്തി. തുടര്‍ന്ന് 14ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ വെച്ച് മൂന്ന് പേരെ കാണാതായി.

പിറ്റേന്ന് പുലര്‍ച്ചെ ബെത്ലഹേമിലെ ഹോട്ടലില്‍ നിന്ന് മറ്റ് മൂന്ന് പേരും മുങ്ങി. ഇവരെ കാണാതായതോടെ ഇസ്രയേല്‍ പൊലീസ് വൃത്തങ്ങളെ പരാതി അറിയിച്ചിരുന്നു. ഇവര്‍ ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ച് മടങ്ങി. 

ഇസ്രയേലില്‍ വെച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സംഘത്തില്‍നിന്ന് കര്‍ഷകനെ കാണാതായതില്‍ വിവാദം തുടരുന്നതിനിടെയാണ് പുതിയ സംഭവം.

കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ കാണാതായ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ട്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

അതുകൊണ്ടുതന്നെ ഇസ്രയേല്‍ പൊലീസ് സൈബര്‍ വിഭാഗത്തിന്റെ അന്വേഷണം കാര്യമായി മുന്നോട്ട് നീങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സാഹചര്യത്തെളിവുകള്‍ വച്ച് ഇയാള്‍ കരുതിക്കൂട്ടി മുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തില്‍ ഇസ്രയേലില്‍ ആധുനിക കൃഷി രീതി പഠിക്കാന്‍ പോയ മറ്റുള്ള കര്‍ഷകര്‍ കഴിഞ്ഞ ദിവസം തിരികെ എത്തിയിരുന്നു. 

ഇസ്രായേലില്‍ ബിജുവിനൊപ്പം താമസിച്ച് മടങ്ങിയെത്തിയ കര്‍ഷകര്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. ബിജു കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രായേലില്‍ `കാണാതായതെ´ന്നുള്ള കാര്യമാണത്.

യാത്ര തുടങ്ങും മുന്‍പ് 50,000 രൂപ ബിജു ഇസ്രയേല്‍ കറന്‍സിയാക്കി (ഷെക്കേല്‍) മാറ്റി കൈയില്‍ വച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ഇസ്രയേലില്‍ തുടരാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നതിന്റെ ഭാഗമായാണ് സഹയാത്രികര്‍ ഈ നീക്കത്തെ കാണുന്നത്.

ഇതിനിടെ ഇയാളുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും ഇസ്രയേലില്‍ ഉണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇവരുമായി ബിജു ആശയവിനിമയം നടത്തിയിരുന്നതായി കൂടെത്താമസിച്ചവര്‍ പറയുന്നു. 

ബിജു എവിടേക്കാണ് പോയതെന്നുള്ള കാര്യത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ടെങ്കിലും സഹയാത്രികര്‍ ഒരു കാര്യം വ്യക്തമാക്കുന്നു.

ഇസ്രയേല്‍ കൃഷി രീതികളെ കുറിച്ച് പഠിക്കുമ്പോള്‍ ബിജു ശ്രദ്ധിച്ചത് അവിടത്തെ പണിക്കൂലിയെ കുറിച്ചായിരുന്നു.

ഈ വിവരങ്ങള്‍ മറ്റു കര്‍ഷകരുമായി ബിജു പങ്കുവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇവിടെ ശുചീകരണ ജോലി ചെയ്താല്‍ ദിവസം 15,000 രൂപ ലഭിക്കുമെന്നുള്ള യാഥാര്‍ത്ഥ്യം ബിജൂ മനസ്സിലാക്കിയിരുന്നു.

ഇക്കാര്യം മനസിലാക്കിയ ബിജു അതിനെ കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നതായും സഹയാത്രികര്‍ പറയുന്നു. 

Related posts

Leave a Comment