ഇനി വരാന്‍ പോകുന്നത് ജിയോ യുഗം ! 626 ലൈവ് ചാനലുകളുമായി ജിയോ ടിവി; ഡിടിഎച്ചുകാര്‍ക്ക് വന്‍ഭീഷണിയാവുന്ന അംബാനിയുടെ നീക്കമിങ്ങനെ…

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ജിയോ ഓരോ ദിവസം കഴിയുമ്പോഴും മറ്റു കമ്പനികള്‍ക്ക് ഭീഷണിയുയര്‍ത്തുകയാണ്. ജിയോ ദിനംപ്രതി അവതരിപ്പിക്കുന്ന പുതിയ ടെക്‌നോളജിയോടും ഇന്റര്‍നെറ്റ്,കോള്‍ പ്ലാനുകളോടും പിടിച്ചു നില്‍ക്കാന്‍ മറ്റുള്ളവര്‍ പെടാപ്പാടുപെടുകയാണ് ഇപ്പോള്‍. ഇതിനോടകം നിരവധി ആപ്പുകളും ജിയോ രംഗത്തിറക്കിയിട്ടുണ്ട്.ജിയോ മ്യൂസിക്, ജിയോ മണി, ജിയോ ടിവി എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. ഇതില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ആപ്പ് ജിയോ ടിവിയാണ്. കേബിളും ഡിടിഎച്ച് സംവിധാനമൊന്നും വേണ്ടാതെ എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പാണ് ജിയോ ടിവി. ജിയോ ടിവി വഴി ലഭിക്കുന്ന ചാനലുകളുടെ എണ്ണവും പ്രോഗ്രാമുകളും ഓരോ ദിവസവും കൂടുന്നുമുണ്ട്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജിയോ ടിവി വഴി ലഭിക്കുന്ന ലൈവ് ചാനലുകളുടെ എണ്ണം 626 ല്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഒരു ആപ് വഴി ഏറ്റവും കൂടുതല്‍ ലൈവ് ചാനലുകള്‍ നല്‍കുന്നതും ജിയോടിവിയാണ്. വോഡഫോണ്‍ പ്ലേ, എയര്‍ടെല്‍ എന്നീ ആപ്പുകള്‍ ഇക്കാര്യത്തില്‍ ജിയോയ്ക്കു പിന്നിലാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളില്‍ സൗജന്യമായാണ് ജിയോടിവി സേവനം നല്‍കുന്നത്. സിനിമ,വിനോദം,കായികം,ന്യൂസ് തുടങ്ങി 12 വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന ജിയോ ടിവിയില്‍ 16 ഭാഷകളില്‍ നിന്നുള്ള 621 ചാനലുകളാണ് ലഭ്യമായിട്ടുള്ളത് 140ലധികം എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടെയാണിത്.

621 ചാനലുകളില്‍ 197 ന്യൂസ്, 123 വിനോദം, 54 മതം, 49 വിദ്യാഭ്യാസം, 27 കിഡ്‌സ്, 35 ഇന്‍ഫോടെയ്ന്‍മെന്റ്, 8 വാണിജ്യ ന്യൂസ്, 10 ലൈഫ്‌സ്‌റ്റൈല്‍ ചാനലുകള്‍ ഉള്‍പ്പെടും. പ്ലേസ്‌റ്റോറില്‍ ജിയോടിവിയുടെ ആപ് ഡൗണ്‍ലോഡിങ് ഇതിനോടകം പത്ത് കോടി കവിഞ്ഞു. എയര്‍ടെല്‍ ടിവി 375 പ്ലസ് ചാനലുകള്‍ നല്‍കുമ്പോള്‍ വോഡഫോണ്‍ പ്ലേ 300 ലൈവ് ചാനലുകളാണ് ഓഫര്‍ ചെയ്യുന്നത്.

സ്റ്റാര്‍ ഇന്ത്യ, സണ്‍ടിവി നെറ്റ്‌വര്‍ക്ക്, സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ എന്നിവരുടെ എല്ലാ ചാനലുകളും ജിയോ ടിവി വഴി ലഭിക്കും. സ്മാര്‍ട്ട് ഫോണിലും സ്മാര്‍ട് ടിവിയിലും ജിയോ ടിവി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലൈവ് ചാനലുകളും സിനിമയും ആസ്വദിക്കാം. നിലവില്‍ ഡിടിഎച്ച്, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ചാനലുകള്‍ ജിയോടിവി വഴി നല്‍കുന്നുണ്ട്. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കെല്ലാം സൗജന്യമായാണ് ജിയോ ടിവി സര്‍വീസ് നല്‍കുന്നത്. അംബാനിയുടെ രാജ്യത്തെ ഡിടിഎച്ച് വിപണിയ്ക്ക് കനത്ത ഭീഷണിയാണുയര്‍ത്തുന്നത്.

Related posts