പൂച്ചാക്കൽ: വിൽപ്പനയ്ക്കെത്തിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ മറ്റത്തിൽ നികർത്തിൽ പാട്ടുപറമ്പ് വീട്ടിൽ വിമൽരാജാ(24)ണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ കഞ്ചാവ് കൈവശം വച്ചിരുന്നതായി കണ്ടെത്തിയത്.
പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി.പി. സാബു, അനിലാൽ (ജി ആർ), സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, റെനീഷ് എം. ആർ, അരുൺ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ, ഭാഗ്യനാഥ് തുടങ്ങിയവർ പങ്കെടുത്തു.
