കോണ്‍ഗ്രസിനെ നിരാശപ്പെടുത്തും, ബിജെപിയെ സന്തോഷിപ്പിക്കില്ല, കിംഗ് മേക്കറായി ജനതാദള്‍, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ അഭിപ്രായ സര്‍വേ ഇങ്ങനെ

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായിട്ടാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ജയിക്കുന്നത് ആരായാലും എതിരാളികള്‍ക്ക് മേല്‍ മാനസിക ആധിപത്യം നേടാന്‍ സാധിക്കും. കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയാല്‍ രാഹുല്‍ ഗാന്ധിക്ക് പൊതു തെരഞ്ഞെടുപ്പിനെ കൂടുതല്‍ ഊര്‍ജ്ജത്തോടെ നേരിടാം. മറിച്ചായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാമൂഴത്തിലേക്ക് നിറഞ്ഞ ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാം.

ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ അഭിപ്രായ സര്‍വേ രണ്ടു ദേശീയ പാര്‍ട്ടികളെയും സന്തോഷിപ്പിക്കുന്നതല്ല. എന്നാല്‍, ആരെയും പരിധിവിട്ട് നിരാശപ്പെടുത്തുന്നുമില്ല. സീറ്റ് കുറവാണെങ്കിലും ദേവഗൗഡയുടെ ജനതാദാള്‍ എസായിരിക്കും ആരു ഭരിക്കുകയെന്ന് തീരുമാനിക്കുക. ഇന്ത്യ ടുഡേ- കര്‍വി നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും സര്‍വ്വ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 224 അംഗ നിയമസഭയില്‍ 112 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. കോണ്‍ഗ്രസ് 90 മുതല്‍ 101 സീറ്റ് വരെ നേടും. മുഖ്യ പ്രതിപക്ഷമായ ബിജെപി 78 മുതല്‍ 86 സീറ്റുകള്‍ വരെ നേടുമെന്നും അഭിപ്രായ സര്‍വേ ചൂണ്ടിക്കാട്ടുന്നു.

നില മെച്ചപ്പെടുത്തുമെങ്കിലും യെദിയൂരപ്പ നയിക്കുന്ന ബിജെപിക്ക് ഭരണം തിരിച്ച് പിടിക്കാനാവില്ല. കോണ്‍ഗ്രസിന് 122, ബിജെപിക്ക് 43 ജെഡിഎസിന് 29 എന്നിങ്ങനെയാണ് നിലവിലെ സീറ്റുനില. വോട്ടിങ് ശതമാനത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രണ്ടു ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്. കോണ്‍ഗ്രസിന് 37 ഉം ബിജെപിക്ക് 35 ഉം ജെഡിഎസ്-ബിഎസ്പി സഖ്യത്തിന് 19 ഉം ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

Related posts