വീട്ടുകാരും ബന്ധുക്കളും എതിര്‍ത്തു, ജുവലറിയില്‍ നിന്ന് താലിമാലയും വാങ്ങി നിവേദിതയും ബാലകൃഷ്ണയും പോലീസ് സ്‌റ്റേഷനില്‍ വച്ച് മിന്നുകെട്ടി, കാസര്‍ഗോട്ടെ പോലീസ് വിവാഹത്തിന്റെ കഥ

പ്രണയം തലയ്ക്കുപിടിച്ചാല്‍ പിന്നെയെല്ലാവരും സ്വപ്‌നലോകത്തായിരിക്കും. ചിലര്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ പ്രണയത്തോട് ഗുഡ്‌ബൈ പറയും. മറ്റുചിലരാകട്ടെ പ്രണയിച്ചയാളെ കെട്ടാന്‍ ഏതറ്റംവരെയും പോകും. ഇത്തരത്തിലൊരു സംഭവമാണ് കാസര്‍ഗോഡും നടന്നത്. വീട്ടുകാര്‍ എതിര്‍ത്തതോടെ പോലീസ് സ്‌റ്റേഷനില്‍ വച്ചു നടന്ന കല്യാണക്കഥ ഇങ്ങനെ-

കൊല്ലങ്കാനത്ത് രാമനായ്കിന്റെ മകന്‍ ബാലകൃഷ്ണയും ലാബ് ടെക്‌നീഷ്യയും വിദ്യാര്‍ത്ഥിനിയുമായ നിവേദിതയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് മംഗലൂരുവിലെ ഒരു വിവാഹച്ചടങ്ങില്‍ വച്ച് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായതോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം കഴിക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. എന്നാല്‍ ബാലകൃഷ്ണയുടെ അച്ഛനും നിവേദിതയുടെ അമ്മയും ഒഴികെ എല്ലാ ബന്ധുക്കളും ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇതോടെ വിവാഹത്തിന്റെ കാര്യങ്ങള്‍ തുലാസിലായി. വിവാഹം നടത്താനായി ഇവര്‍ രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും അപേക്ഷ നല്‍കി ഒരു മാസം കാത്തിരിക്കണമെന്ന അറിയിപ്പാണ് ലഭിച്ചത്.

രണ്ടര വര്‍ഷം നീണ്ട തങ്ങളുടെ പ്രണയം സഫലമാക്കാന്‍ ബന്ധുക്കള്‍ തടസ്സമായതോടെ കമിതാക്കള്‍ പൊലീസിനെ അഭയം തേടാന്‍ തീരുമാനിച്ചു. അതോടെ അടുത്തുള്ള ക്ഷേത്രത്തില്‍ എത്തി വിവാഹിതരാകാനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയത്. സ്റ്റേഷനില്‍ നിന്ന് സഹായം കിട്ടില്ലെന്ന് കണ്ടതോടെ ഇവര്‍ നഗരത്തിലെ ഒരു ജൂവലറിയില്‍ നിന്നും താലിമാല വാങ്ങി വീണ്ടും സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇവരുടെ പ്രണയത്തിന്റെ തീവ്രത ബോധ്യപ്പെട്ട സ്റ്റേഷനില്‍ വെച്ച് തന്നെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

Related posts