കൊരട്ടി എൽഎഫ് കോൺവന്റ് ഹെെസ്കൂളിൽ കേശദാനം – സ്നേഹദാനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ നിർവഹിക്കുന്നു.
കൊരട്ടി: അമല ഫെല്ലോഷിപ്പ് കൊരട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും കൊരട്ടി എൽഎഫ് കോൺവന്റ് ഹൈസ്കൂളിന്റെയും സഹകരണത്തോടെ കേശദാനം – സ്നേഹദാനം പദ്ധതി നടപ്പിലാക്കി. കൊരട്ടി എൽഎഫ് കോൺവന്റ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മുടിമുറിച്ചുനൽകി മാതൃകയായത് അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 15 വിദ്യാർഥികൾ.
അമല കാൻസർ സെന്റർ വഴി കാൻസർ രോഗികൾക്ക് സൗജന്യമായിവിഗ് തയാറാക്കി നൽകുന്നതിൽ പങ്കാളികളാകാൻ കഴിഞ്ഞതിലുള്ള നിർവൃതിയിലാണ് കുട്ടികൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ എൽസ ജോസ് അധ്യക്ഷത വഹിച്ചു.
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ മുഖ്യപ്രഭാഷണംനടത്തി. സോണി സി. പുലിക്കോട്ടിൽ, പി.കെ. സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ജെയ്നി ജോഷി എന്നിവർ പ്രസംഗിച്ചു.
