കുട്ടി ആരാധകന്‍ മെസിയെ കണ്ടു, ഒക്കത്തിരുന്നു കണ്‍കുളിര്‍ക്കെ…

fb-kohili

ദോഹ: പ്ലാസ്റ്റിക് കൂടുകൊണ്ട് ഉണ്ടാക്കിയ, ലയണല്‍ മെസിയുടെ പേരെഴുതിയ അര്‍ജന്റൈന്‍ ജഴ്‌സിയിട്ട് പന്തുതട്ടിയ ആറു വയസുകാരനെ ഓര്‍മയില്ലേ? ലോകത്തെ മുഴുവന്‍ ഒരു ചിത്രംകൊണ്ട് ആരാധകരാക്കി മാറ്റിയ, തന്റെ ഏറ്റവും വലിയ കുഞ്ഞ് ആരാധകനെ തേടി മെസിയെത്തി. വീട്ടിലെ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ചു തുന്നിച്ചേര്‍ത്ത ജഴ്‌സിയണിഞ്ഞു തന്നെ ആരാധിക്കുന്ന മുര്‍ത്താസ അഹമദിക്ക് ഈ വര്‍ഷമാദ്യം താന്‍ ഒപ്പിട്ട ജഴ്‌സിയടങ്ങുന്ന കിറ്റ് മെസി അയച്ചുകൊടുത്തിരുന്നു.

ദോഹയില്‍ അല്‍ അഹ്ലിയുമായുള്ള സൗഹൃദമത്സരത്തിനെത്തിയപ്പോഴാണ് അഫ്ഗാന്‍കാരനായ മുര്‍ത്താസയെ കാണാന്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ മെസിയെത്തിയത്. അഫ്ഗാനിസ്ഥാനിലെ ജഗോരി ജില്ലയില്‍ താമസിച്ചിരുന്ന മുര്‍ത്താസ അഹമ്മദി രാജ്യത്തെ പ്രശ്‌നങ്ങള്‍ കാരണം പാക്കിസ്ഥാനിലേക്കു മാറിയിരുന്നു. അഹമ്മദിയെ എടുത്തിരിക്കുന്ന മെസിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തന്റെ ആരാധനാമൂര്‍ത്തിയെ കണ്ടതിനു പുറമേ മറ്റൊരു ഭാഗ്യം കൂടി അഹമ്മദിയെ തേടിയെത്തിയിരിക്കുകയാണ്. അല്‍ അഹ്ലിയുള്ള മത്സരത്തിനായി സ്‌റ്റേഡിയത്തിലേക്കു വരുന്ന ബാഴ്‌സലോണ താരങ്ങളുടെ കൈപ്പിടിച്ചു വരുന്ന കുട്ടികളില്‍ ഒരാള്‍ അഹമ്മദിയായിരിക്കും. അതും മറ്റാരുടെയും കൈയല്ല, സാക്ഷാല്‍ മെസിയുടെതന്നെ!

Related posts