വെച്ചൂർ:വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി സ്വർണമാലയും മൊബൈലും മോഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ വീട്ടമ്മ കൈയ്യോടെ പിടികൂടി. വെച്ചൂരിൽ ഇടയാഴം മാരാവള്ളിച്ചിറയിൽ കനകമ്മ (60)യാണ് വീട്ടിൽ കയറി സ്വർണമാലയും മൊബൈലും മോഷ്ടിച്ച ഇതര സംസ്ഥാനക്കാരനെ ഓടിച്ചിട്ട് പിടികൂടിയത്.
കനകമ്മ ഇടയാഴം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പോയി മരുന്ന് വാങ്ങി തിരിച്ചുവരുന്ന സമയം വീട്ടിൽ നിന്ന് ഇറങ്ങി വന്ന ആക്രി പെറുക്കുന്ന ഇതര സംസ്ഥാനക്കാരനായ യുവാവ് പരുങ്ങുന്നത് കണ്ട് സംശയം തോന്നി കനകമ്മ ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാൾ അവിടുന്ന് പെറുക്കിയ സഞ്ചിയിലെ കുപ്പികൾ കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും സമീപത്തെ വേലിയിൽ എന്തോ വയ്ക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മാല വച്ചിരുന്ന ഡപ്പി കണ്ടത്.
ഇതോടെ രംഗം പന്തിയല്ലെന്ന് കണ്ട് ഇയാൾ ഓടി. കനകമ്മ പിന്നാലെ ഓടി ഇയാളെ പിടിച്ചു നിർത്തി പ്രദേശവാസികളെ വിളിച്ചുകൂട്ടി പോലീസിന് കൈമാറി. ഈ സമയം ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സംഘം കടന്നു കളഞ്ഞു. പാടശേഖരത്തിനു സമീപത്തെ വീടായതിനാൽ സമീപ പ്രദേശങ്ങളിലും ആളില്ലായിരുന്നു.
വീടിന്റെ അടുക്കള ഭാഗത്തെ അടച്ചുറപ്പില്ലാത്ത കതക് തള്ളി തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. അലമാരയിൽ സൂക്ഷിച്ചരുന്ന കനകമ്മയുടെ മകളുടെ കുഞ്ഞിന്റെ അരപ്പവൻ വരുന്ന മാലയാണ് കവർന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മൊബൈൽ മോഷ്ടിക്കപ്പെട്ടത് അറിഞ്ഞത്.
മൊബൈൽ കുപ്പി പെറുക്കി ഇട്ടിരുന്ന കൂടിനുള്ളിൽ നിന്നും കണ്ടെത്തി. കല്ലറ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. വെച്ചൂരും പരിസരത്തും ആക്രി പെറുക്കാനായി നിരവധി സംഘങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
