മൂന്നാംക്ലാസ് വിദ്യാര്ഥിനി അഭിരാമിയ്ക്ക് വിഷുക്കൈനീട്ടമായി സ്മാര്ട്ട്ഫോണ് നല്കി നടന് കൃഷ്ണകുമാര്.
തിരുവല്ലം എസ്പി സ്കൂളിലെ വിദ്യാര്ത്ഥിയായ അഭിരാമിയുടെ ദുരിതം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് മനസിലാക്കിയതെന്നും എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാര്ട്ട് ഫോണ് എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാര് പറഞ്ഞു.
ശ്രീവരാഹം പറമ്പില് ലെയ്നിലെ ഒറ്റമുറി വാടകവീട്ടില് അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങള് നോക്കിയിരുന്നത്.
എന്നാല് കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടര്ന്ന് ഇപ്പോള് ജോലി ചെയ്യാന് കഴിയാത്ത സാഹചര്യമാണുള്ളത്. ലതയുടെ മകള് ഐശ്വര്യയുടെ മകളാണ് അഭിരാമി.
ആദ്യ വിവാഹബന്ധം വേര്പിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതല് ലതയ്ക്കൊപ്പമാണ് അഭിരാമി.
കോവിഡിനെത്തുടര്ന്ന് ക്ലാസുകള് ഓണ്ലൈന് ആയതോടെ, ടെലിവിഷനോ സ്മാര്ട്ട് ഫോണോ ഇല്ലാത്ത അഭിരാമിയുടെ പഠനം തടസ്സപ്പെടുകയായിരുന്നു.
ഇതു ശ്രദ്ധയില്പ്പെട്ടപ്പോള്തന്നെ കുട്ടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഈ വിഷുക്കാലത്ത് സഫലമായത്. കൃഷ്ണകുമാര് പറഞ്ഞു.

