മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചു ഇനി ഭക്തിമാര്‍ഗം ! മുഖ്യമന്ത്രിയ്ക്ക് വധഭീഷണിയുയര്‍ത്തി ജയിലില്‍ പോയ പ്രവാസി മലയാളി കൃഷ്ണകുമാര്‍ ജയില്‍ മോചിതനായി; ഇനി പുതിയ ജീവിതത്തിലേക്ക്…

കോതമംഗലം: മുഖ്യമന്ത്രിയ്ക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ റിമാന്റിലായിരുന്ന കോതമംഗലം ഇരമല്ലൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ജയില്‍ മോചിതനായി. ആഴ്ചയില്‍ ഒരിക്കല്‍ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കൃഷ്ണകുമാര്‍ ഇപ്പോള്‍ ക്ഷേത്രദര്‍ശനത്തിന്റെ തിരക്കിലാണെന്നാണ് വിവരം.

ജയില്‍ ജീവിതം മൂലം മദ്യപാനവും കൃഷ്ണകുമാര്‍ ഉപേക്ഷിച്ചെന്ന് അയല്‍വാസികള്‍ പറയുന്നു. നാക്കുപിഴ അമിത മദ്യപാനത്തിന്റെ ബാക്കിപത്രമാണെന്ന തിരിച്ചറിവ് കൃഷ്ണകുമാറിന് ഉണ്ടായതായാണ് നാട്ടുകാര്‍ വിലയിരുത്തുന്നത്.

വീട്ടിലുണ്ടെങ്കില്‍ രാവിലെ സമീപത്തെ കവലയിലിറങ്ങി നാട്ടുകാരുമായി വിശേഷം പങ്കിടുന്ന പതിവ് കൃഷ്ണകുമാറിനുണ്ടായിരുന്നു. ആ പതിവ് ഇയാള്‍ ഇപ്പോഴും തുടരുന്നതായാണ് അറിയാന്‍ കഴിയുന്നത്

മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച കഥകളാണ് കൂടുതലെന്നും തങ്ങളുടെ അറവില്‍ കൃഷ്ണകുമാര്‍ പ്രശ്നക്കാരനല്ലന്നുമാണ് അടുത്തറിയുന്നവര്‍ക്കെല്ലാം ഇയാളെക്കുറിച്ച് പറയാനുള്ളത്.കൃഷ്ണകുമാറിനെ വീണ്ടും മാധ്യമ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ ബന്ധുക്കള്‍ക്കും താല്‍പര്യമില്ല.

എല്ലാം കഴിഞ്ഞല്ലോ..ഇനിയെങ്കിലും അയാളെ വെറുതെ വിട്ടുകൂടെ എന്നായിരുന്നു കൃഷ്ണകുമാര്‍ സ്ഥലത്തുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ബന്ധുവിന്റെ പ്രതികരണം.ഇടയ്ക്കിടെ യാത്രകളുമായി കഴിഞ്ഞദിവസങ്ങളിലെല്ലാം കൃഷ്ണകുമാര്‍ തിരക്കിലായിരുന്നു.

ഗള്‍ഫിലെ ജോലി സ്ഥലത്തിരുന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി കൃഷ്ണകുമാര്‍ ഭീഷണി മുഴക്കിയത് ഏറെ മാധ്യമ ശ്രദ്ധ നേടിയ സംഭവങ്ങളിലൊന്നായിരുന്നു.ഇതേത്തുടര്‍ന്ന് ഗള്‍ഫിലെ സിപിഎം അനുഭാവികളില്‍ ചിലരുടെ നീക്കത്തെത്തുടര്‍ന്ന് ജോലിചെയ്തിരുന്ന കമ്പനി ഇയാളെ പുറത്താക്കി.

പിടിച്ചുനില്‍പ്പില്ലാതെ വന്നതോടെ നാട്ടിലേയ്ക്ക് പുറപ്പെട്ട കൃഷ്ണകുമാറിനെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേരള പൊലീസ് എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തോളം തീഹാര്‍ ജയിലില്‍ കഴിയേണ്ടിയും വന്നു.

കൊച്ചി സെന്‍ട്രല്‍ പൊലീസാണ് സംഭവത്തിന്റെ പേരില്‍ കൃഷ്ണകുമാറിനെ പ്രതിയാക്കി കേസെടുത്തിട്ടുള്ളത്.എസ് ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡല്‍ഹി നിന്നും ഇയാളെ കൊച്ചിയിലെത്തിച്ചത്.

പിണറായി വിജയനെ കൊല്ലുമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞാണ് കൃഷ്ണ കുമാര്‍ നായര്‍ ഫേസ്ബുക്കിലൂടെ ഭീഷണി മുഴുക്കിയത്. സ്വന്തം ജോലി സ്ഥലവും പേരുമൊക്കെ പറഞ്ഞു കൊണ്ടാണ് ഭീഷണി മുഴക്കിയത്.

വീഡിയോ പുറത്തു വന്നതോടെ ചിലര്‍ ഇയാളെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ഇയാള്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന കമ്പനിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഇയാള്‍ നാട്ടിലേക്ക് വണ്ടി കയറിയതും അറസ്റ്റിലായതും അഴിക്കുള്ളിലാകുന്നതും.

Related posts