അപകട സാധ്യതയെക്കുറിച്ച് കെഎസ്ഇബി ജൂലൈയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു! പിന്നെന്തുകൊണ്ട് ഡാമുകള്‍ തുറക്കാന്‍ ഓഗസ്റ്റ് ഒമ്പത് വരെ കാത്തിരുന്നു; അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന് പുറമേ വീണ്ടും കുരുക്ക്

പെരുമഴ മാത്രമല്ല, കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം ഡാം തുറന്നു വിട്ടതില്‍ വരുത്തിയ വീഴ്ചയാണെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, കേരളത്തിലെ പ്രധാന ഡാമുകളില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നുവെന്ന് ജൂലൈ അവസാന ആഴ്ച തന്നെ വൈദ്യുതി ബോര്‍ഡിന് അറിവുണ്ടായിരുന്നതായി തെളിവുകളും പുറത്ത് വന്നിരിക്കുന്നു.

ജൂലൈ 25 ന് ഇത് സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഓഗസ്റ്റ് ഒന്നിന് അടിയന്തിര നടപടിക്രമം സംബന്ധിച്ച ഉത്തരവും കെ.എസ്.ഇ.ബി പുറപ്പെടുവിച്ചു. എന്നിട്ടും എന്താണ് നടപടികള്‍ ഓഗസ്റ്റ് ഒന്‍പതാം തീയതിവരെ വൈകിയതെന്ന ചോദ്യമാണ് ഉയരുന്നത്.

ഇത് കെ.എസ്.ഇ.ബി 2018 ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ഉത്തരവാണ്. ഡാമുകള്‍ കവിഞ്ഞെഴുകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിശദമായി ഇത് പ്രതിപാദിക്കുന്നു. ജൂലൈമാസത്തില്‍ കേരളത്തിലുണ്ടായ അസാധാരണ മഴയെ തുടര്‍ന്ന് ഡാമുകളിലെ ജലനിരപ്പ് ആശങ്ക ഉയര്‍ത്തും വിധം ഉയര്‍ന്നതാണെന്ന പ്രസ്താവനയോടെയാണ് ഉത്തരവ് ആരംഭിക്കുന്നത്.

ഡാമുകള്‍തുറക്കുമ്പോള്‍ ഒരുഅപകടവും സംഭവിക്കാതിരിക്കാന്‍ ആരെയൊക്കെ മുന്‍കൂട്ടി വിവരം അറിയിക്കണം എന്നും ഈ സുപ്രധാനമായ ഉത്തരവ് വ്യക്തമാക്കുന്നു. ജൂലൈ 30ാം തീയതി പ്രധാന സംഭരണികളിലെ ജലനിരപ്പ് ഇതില്‍എടുത്ത് പറയുന്നുണ്ട്.

ഇത് കെ.എസ്.ഇ.ബിയുടെ ജൂലൈ 30 ന്‌ചേര്‍ന്ന ഡയറക്ടേഴ്‌സിന്റെ സമ്പൂര്‍ണ്ണയോഗം അംഗീകരിച്ചു. സംഭരണികള്‍തുറക്കുന്നതിന് ഡാം സേഫ്റ്റിയുടെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ക്ക് ജില്ലാകലക്ടര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയില്‍നിന്ന് എന്‍.ഒ.സി വാങ്ങാനുള്ള അനുവാദവും ഉത്തരവ് നല്‍കിയിട്ടും ഓഗസ്റ്റ് ഒമ്പത് വരെ കാത്തത് എന്തിനെന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്.

അപകടസാധ്യതയെക്കുറിച്ച് ജൂലൈ അവസാനം തന്നെ ഇത്രയും അറിവുണ്ടായിട്ടും എന്തുകൊണ്ടാണ് സംഭരണികള്‍ ഓഗസ്റ്റ് 9 വരെ തുറക്കാത്തത്.? എന്തുകൊണ്ട് ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിട്ട് ജൂലൈ അവസാന ആഴ്ചമുതല്‍ ജലനിരപ്പ് ക്രമീകരിച്ചില്ല?

Related posts