നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി; കെഎസ്ആര്‍ ടിസി യാത്രയ്ക്ക് ഇനി സീസണ്‍ ടിക്കറ്റും;1000, 1500, 3000, 5000 എന്നിങ്ങ നെയാകും സീസണ്‍ ടിക്കറ്റുകളുടെ സ്ലാബുകള്‍.

ktm-ksrtcസ്വന്തം ലേഖകന്‍

തിരുവനന്തപുരം: യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി സീസണ്‍ ടിക്കറ്റ് പുറത്തിറക്കുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയുടെ ഈ നീക്കം. മാസത്തില്‍ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാവുന്ന സീസണ്‍ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ചര്‍ച്ച നടത്തി.

ഗതാഗത- ധനമന്ത്രിമാരുടെ അനുമതിയോടെയാകും സീസണ്‍ ടിക്കറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. സീസണ്‍ ടിക്കറ്റുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആയി നല്‍കുന്നതിന് ആലോചനയുണെ്ടങ്കിലും ഇത് ആദ്യഘട്ടത്തില്‍ പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ദീപികയോടു പറഞ്ഞു. ഇതിനായി ടിക്കറ്റ് മെഷീനില്‍ പ്രത്യേക സംവിധാനം ഒരുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.     1000 രൂപ മുതല്‍ 5000 രൂപ വരെയുള്ള തുകയ്ക്കുള്ള സീസണ്‍ ടിക്കറ്റുകളാകും നല്‍കുക. 1000, 1500, 3000, 5000 എന്നിങ്ങനെയാകും സീസണ്‍ ടിക്കറ്റുകളുടെ സ്ലാബുകള്‍. ഓരോ ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുന്‍കൂട്ടി നിശ്ചയിക്കും.

1000 രൂപയുടെ ബ്രോണ്‍സ് ടിക്കറ്റാണ് ഏറ്റവും കുറഞ്ഞത്. ഇതിനുശേഷം 1500 രൂപയുടെ സില്‍വര്‍ ടിക്കറ്റും 3000 രൂപയുടെ ഗോള്‍ഡ് ടിക്കറ്റും 5000 രൂപയുടെ പ്രീമിയം ടിക്കറ്റും പുറത്തിറക്കും.     ബ്രോണ്‍സ് ടിക്കറ്റില്‍ ജില്ലയ്ക്കുള്ളില്‍ മാത്രമാണ് നിയന്ത്രണമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്നതെങ്കില്‍ സില്‍വര്‍ ടിക്കറ്റ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ സംസ്ഥാനത്ത് എവിടെയും യാത്രചെയ്യാം. ഗോള്‍ഡ് ടിക്കറ്റില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സംസ്ഥാനത്തെവിടെയും സഞ്ചരിക്കാം. പ്രീമിയം ടിക്കറ്റ് ഉപയോഗിച്ച് സ്കാനിയ വോള്‍വോ ഒഴികെയുള്ള കോര്‍പറേഷന്റെ ബസുകളില്‍ സഞ്ചരിക്കാം.

ഒരു മാസമായിരിക്കും ടിക്കറ്റുകളുടെ കാലാവധി. പ്രതിമാസമോ പ്രതിദിനമോ ചെയ്യാവുന്ന യാത്രയ്ക്ക് പരിധിയില്ലാത്ത തരത്തിലാണ് ടിക്കറ്റുകള്‍ നല്‍കുക.ആദ്യഘട്ടത്തില്‍ ഏതാനും ജില്ലകളിലായിരിക്കും സീസണ്‍ ടിക്കറ്റ്് സംവിധാനം ഏര്‍പ്പെടുത്തുക. ടിക്കറ്റുകള്‍ ഡിപ്പോകള്‍ വഴി വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. തിരക്ക് കൂടുതലായാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യും. ഏതു രേഖയാണോ സീസണ്‍ ടിക്കറ്റ് എടുക്കുന്നതിനായി ഹാജരാക്കിയത് ആ മാസത്തെ യാത്രകള്‍ക്ക് ഈ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായിരിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് പുതിയ സംരംഭം ആശ്വാസമാകുമെന്നാണ് പ്രതീക്ഷി ക്കുന്നത്.

Related posts